r
റാഫേൽ

ന്യൂഡൽഹി: റാഫേൽ യുദ്ധവിമാന ഇടപാടിലെ ചർച്ചയ്ക്കിടെ ലോക്‌സഭയിൽ പരസ്പരം പോർവിളിച്ചും ബഹളം വച്ചും കടലാസ് വിമാനം പറത്തിയും ഇന്നലെ നാടകീയ രംഗങ്ങൾ അരങ്ങേറി. ബഹളത്തിൽ പലതവണ സഭ നിറുത്തിവച്ചു. കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലി മറുപടി പറയുന്നതിനിടെയാണ് പ്രതിപക്ഷാംഗങ്ങൾ കടലാസ് വിമാനം ഉണ്ടാക്കി പറത്തിയത്. വിമാനം പറത്തിയ വനിത എം.പി സുഷ്മിത ദേബിനെ സ്പീക്കർ ശാസിച്ചു. ഉച്ചയ്ക്കു മുൻപായി രണ്ടു തവണ ബഹളത്തിൽ മുങ്ങി പിരിഞ്ഞ സഭ രണ്ടു മണിക്കു ചേർന്നപ്പോഴും കാവേരി ഡാം നിർമ്മാണവുമായി ബന്ധപ്പെട്ട വിഷയത്തിൽ എ.ഐ.എ.ഡി.എം.കെ അംഗങ്ങൾ നടുത്തളത്തിലിറങ്ങി ബഹളം വച്ചു. പ്ലക്കാർഡുകളേന്തിയും സ്പീക്കർക്ക് നേരെ പേപ്പറുകളെറിഞ്ഞും പ്രതിഷേധിച്ചു. സഭ തുടർച്ചയായി തടസപ്പെടുത്തിയതിനും അച്ചടക്കലംഘനത്തിനും 24 എ.ഐ.എ.എ‌‌ഡി.എം.കെ എം.പിമാരെ സ്പീക്കർ സുമിത്ര മഹാജൻ സസ്പെൻഡ് ചെയ്തു. തുടർച്ചയായ അഞ്ചു സഭാ സിറ്റിംഗുകളിൽ ഇവർക്ക് പങ്കെടുക്കാനാവില്ല. സഭ വ്യാഴാഴ്ചത്തേക്ക് പിരിഞ്ഞു.റാഫേലിൽ ചർച്ച ആവശ്യപ്പെട്ട് കോൺഗ്രസ് എം.പി കെ.സി വേണുഗോപാലും സി.പി.എം എം.പി ശങ്കർ പ്രസാദ് ദത്തയുമാണ് നോട്ടീസ് നൽകിയിരുന്നത്.

പ്രധാനമന്ത്രി പേടിച്ച് ഒളിച്ചിരിക്കുന്നു: രാഹുൽ

റാഫേൽ വിഷയത്തിൽ മറുപടി പറയാൻ പാർലമെന്റിൽ വരാൻ ധൈര്യമില്ലാതെ മുറിയിൽ ഒളിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് രാഹുൽഗാന്ധി പരിഹസിച്ചു. അഞ്ചു മിനുട്ട് റാഫേലിനെക്കുറിച്ച് സംസാരിക്കാൻ മോദിക്കാവുന്നില്ല. പ്രതിരോധമന്ത്രി നിർമ്മല സീതാരാമൻ എ.ഐ.എ.ഡി.എം.കെ അംഗങ്ങളുടെ പിറകിൽ ഒളിച്ചിരിക്കുകയാണ്. കഴിഞ്ഞദിവസത്തെ അഭിമുഖത്തിൽ റാഫേലിൽ ആരും തന്നെ കുറ്റപ്പെടുത്തിയിട്ടില്ലെന്ന് മോദി പറഞ്ഞു. ഈ രാജ്യം മുഴുവൻ പ്രധാനമന്ത്രിയെ ചോദ്യം ചെയ്യുകയാണ്. എയർഫോഴ്സിന് 126 യുദ്ധവിമാനങ്ങളാണ് വേണ്ടത്. ആരാണ് 126ൽ 36ലേക്ക് കുറച്ചത്. ഇന്ന് ഈ നിമിഷം വരെ ഒരു എയർക്രാഫ്റ്റ്പോലും ഇന്ത്യയിൽ എത്താത്തത് എന്തുകൊണ്ടാണ്. പ്രിയപ്പെട്ട പ്രധാനമന്ത്രി എന്തിനാണ് കരാർ നിങ്ങളുടെ പ്രിയപ്പെട്ട സുഹൃത്ത് അനിൽ അംബാനിക്ക് നൽകിയത്. വിഷയത്തിൽ ജെ.പി.സി അന്വേഷണം വേണമെന്നും രാഹുൽ ആവശ്യപ്പെട്ടു.

സി.പി.എം,തൃണമൂൽ, എൻ.സി.പി, ബി.ജെ.പി സഖ്യകക്ഷിയായ ശിവസേന തുടങ്ങിയ കക്ഷികളും റാഫേലിൽ ജെ.പി.സി വേണമെന്ന് ആവശ്യപ്പെട്ടു.

ജെ.പി.സി അന്വേഷണമില്ല: ജെയ്റ്റ്ലി

റാഫേലിൽ സുപ്രീംകോടതി തന്നെ തള്ളിയ വിഷയങ്ങളാണ് രാഹുൽ ഗാന്ധി ഉന്നയിക്കുന്നതെന്ന് മറുപടി പ്രസംഗത്തിൽ ധനമന്ത്രി അരുൺജെയ്റ്റ്ലി പറഞ്ഞു. സത്യത്തോട് നൈസർഗികമായി തന്നെ ഇഷ്ടക്കുറവുള്ള ചിലയാളുകളുണ്ട്. നഴ്സറി കുട്ടികൾക്ക് പോലും മനസിലാകുന്ന കണക്കാണിത്. ഫ്രാൻഷ്വാ ഒലാന്ദിന്റെ ആരോപണങ്ങൾ ഫ്രഞ്ച് സർക്കാർ തന്നെ നിഷേധിച്ചിട്ടുണ്ട്. കോൺഗ്രസിന് ദേശീയ സുരക്ഷ മനസിലാകില്ല. ക്രിസ്റ്റ്യൻ മിഷേൽ പറഞ്ഞ ഇറ്റാലിയൻ ലേഡി ആരാണ്? ആരാണ് ഇറ്റാലിയൻ ലേഡിയുടെ മകൻ,കോമ്പാറ്റ് എയർക്രാഫ്റ്റ് എന്താണെന്ന് മനസിലാകാത്തയാളാണ് കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തിരിക്കുന്നതെന്നും ജെയ്റ്റ്ലി കളിയാക്കി. ജെ.പി.സി അന്വേഷണ ആവശ്യമില്ലെന്നും ജെയ്റ്റ്ലി വ്യക്തമാക്കി.

ഡബിൾ എയ്ക്ക് മറുപടി, ക്യു
അനിൽ അംബാനിയുടെ പേര് ഉപയോഗിക്കരുതെന്ന് പ്രസംഗത്തിനിടെ സ്പീക്കർ രാഹുലിനോട് നിർദ്ദേശിച്ചു.
എങ്കിൽ ഡബിൾ എ (AA ) എന്ന് പറയാമെന്ന് രാഹുൽ പറഞ്ഞു. തുടർന്ന് ഡബിൾ എ എന്ന് പറഞ്ഞായിരുന്നു രാഹുലിന്റെ പ്രസംഗം. ബോഫേഴ്സ് കേസിലെ ഖട്രോച്ചിയെ സൂചിപ്പിക്കുന്ന ക്യു എന്ന വാക്ക് ഉപയോഗിച്ചായിരുന്നു ജെയ്റ്റ്‌ലിയുടെ മറുപടി.

'റാഫേൽ ഫയലുകൾ പരീക്കറിന്റെ ബെഡ്റൂമിൽ'
റാഫേലുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും മുൻപ്രതിരോധമന്ത്രിയും ഗോവമുഖ്യമന്ത്രിയുമായ മനോഹർ പരീക്കറിന്റെ ബെഡ്റൂമിലുണ്ടെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ഇക്കാര്യം അവകാശപ്പെടുന്ന പരീക്കറിന്റെ ഓഡിയോ ടേപ്പ് കേൾപ്പിക്കട്ടെയെന്ന് രാഹുൽ സ്പീക്കറോട് ചോദിച്ചു. എനിക്കറിയാം അവർ ഭയന്നിരിക്കുകയാണ്. അതുകൊണ്ട് ഞാൻ കേൾപ്പിക്കുന്നില്ല. പരീക്കർ മോദിയെ ഭീഷണിപ്പെടുത്തുകയാണെന്നും രാഹുൽ പറഞ്ഞു. ആധികാരികമല്ലാത്തതിനാൽ രാഹുൽ അത് കേൾപ്പിക്കില്ലെന്ന് ജെയ്റ്റ്‌ലി തിരിച്ചടിച്ചു. അവരുടെ പാർട്ടി തന്നെ നിർമ്മിച്ചതാണത്.ദിവസം 5 തവണ നുണപറയുന്നയാളാണ് രാഹുലെന്നും ജെയ്റ്റ്ലി പറഞ്ഞു.