mullappally

ന്യൂഡൽഹി: ശബരിമലയിലെ യുവതീ പ്രവേശനം നവോത്ഥാന മതിലെന്ന രാഷ്ട്രീയ നാടകത്തിന്റെ ക്ലൈമാക്‌സായിരുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു. മുഖ്യമന്ത്രി നേരിട്ടു നടത്തിയ ഓപ്പറേഷനാണിത്. രാഷ്ട്രീയ നേട്ടത്തിനായി കേരളത്തെ കലാപഭൂമിയാക്കുകയെന്ന സി.പി.എം - ബി.ജെ.പി സംഘപരിവാർ സംഘടനകളുടെ രഹസ്യ അജൻഡയാണ് നടപ്പാവുന്നത്.

പ്രളയാനന്തര പ്രവർത്തനങ്ങളിൽ പരാജയപ്പെട്ട സർക്കാരിനെതിരെ ജനരോഷമുയരാതിരിക്കാൻ ശബരിമല വിഷയത്തെ സങ്കീർണമാക്കി ശ്രദ്ധ തിരിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്.

ന്യൂനപക്ഷ വിഭാഗങ്ങൾ ഇത് കണ്ടില്ലെന്ന് നടിക്കരുത്. വിശ്വാസം സംരക്ഷിക്കുക എന്നതാണ് കോൺഗ്രസിന്റെ പ്രഖ്യാപിത നയം. ശബരിമലയെ കലാപഭൂമിയാക്കുന്നതിനെതിരെ കോൺഗ്രസും ഐക്യജനാധിപത്യ കക്ഷികളും ശക്തമായ പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.