congress

ന്യൂഡൽഹി: ശബരിമലയിൽ ആചാര സംരക്ഷണത്തിന് നിയമനിർമ്മാണം നടത്താൻ കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തുന്നതിൽ കോൺഗ്രസിൽ ആശയക്കുഴപ്പം.

നിയമനിർമ്മാണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിയെ കാണുമെന്ന് യു.ഡി.എഫ് എം.പിമാർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യത്തിൽ കെ.പി.സി.സി തീരുമാനമെടുത്തിട്ടില്ലെന്നും ദേശീയ നേതൃത്വവുമായി ആലോചിക്കണമെന്നും ആദ്യം പറഞ്ഞ അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, താൻ കേന്ദ്ര സർക്കാർ ഇടപെടലിനുള്ള നിയമനിർമ്മാണത്തെ എതിർക്കുന്നില്ലെന്നും ഒാർഡിനൻസിന്റെ കാര്യമാണ് ഉദ്ദേശിച്ചതെന്നും പിന്നീട് വിശദീകരിച്ചു.

കോൺഗ്രസ് എം.പിമാരായ ആന്റോ ആന്റണി, എം.കെ. രാഘവൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവരാണ് യു.ഡി.എഫ് എം.പിമാരായ എൻ.കെ.പ്രേമചന്ദ്രൻ, പി.കെ.കുഞ്ഞാലിക്കുട്ടി, ജോസ്.കെ. മാണി എന്നിവർക്കൊപ്പം പത്രസമ്മേളനത്തിൽ നിയമനിർമ്മാണത്തിന് അനുകൂലമായി അഭിപ്രായം പറഞ്ഞത്. അനുകൂല നിലപാടിനായി പ്രധാനമന്ത്രിയെ കാണുമെന്നും സമയം ചോദിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.

എന്നാൽ നിയമനിർമ്മാണത്തിന് കെ.പി.സി.സി തീരുമാനിച്ചിട്ടില്ലെന്ന് ഹർത്താലുമായി ബന്ധപ്പെട്ട് വിളിച്ച പത്രസമ്മേളനത്തിൽ മുല്ലപ്പള്ളി പറഞ്ഞതോടെ ആശയക്കുഴപ്പം മറനീക്കി. ദേശീയ നേതൃത്വവുമായി ചർച്ച ചെയ്യാതെ അഭിപ്രായം പറയാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്നലെ ആർ.എസ്.പി എം.പി എൻ.കെ.പ്രേമചന്ദ്രനൊപ്പം കെ.സി. വേണുഗോപാലും, കൊടിക്കുന്നിൽ സുരേഷും ലോക്‌സഭയിൽ ശബരിമല വിഷയത്തിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയതും കെ.പി.സി.സി പ്രസിഡന്റ് അറിഞ്ഞില്ല. നിയമനിർമ്മാണത്തിന് കേന്ദ്രസർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെട്ട് പ്രമേയത്തിന് നോട്ടീസ് നൽകിയത് തന്റെ അറിവോടെയല്ലെന്നും ദേശീയ നേതൃത്വവുമായി ആലോചിക്കാതെ നിലപാട് പറയാനാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ശബരിമല വിഷയത്തിൽ നിയമ നിർമ്മാണം ആവശ്യപ്പെട്ടാൽ അയോദ്ധ്യ വിഷയത്തിലും അനുകൂലിക്കേണ്ടി വരുമെന്നതിനാൽ കോൺഗ്രസ് ദേശീയ നേതൃത്വം പരസ്യമായ നിലപാട് സ്വീകരിച്ചിട്ടില്ല.