parliament

റാഫേൽ ചർച്ച മുടങ്ങി

ശബരിമല: അടിയന്തരപ്രമേയത്തിന് നോട്ടീസ്

ന്യൂഡൽഹി: നടുത്തളത്തിൽ മുദ്രാവാക്യം വിളിച്ച് നടപടികൾ തടസപ്പെടുത്തിയ 13 ടി.ഡി.പി, ഏഴ് അണ്ണാ ഡി.എം.കെ അംഗങ്ങളടക്കം 21 എം.പിമാരെ കൂടി ലോക്‌സഭാ സ്‌പീക്കർ സുമിത്രാ മഹാജൻ ഇന്നലെ സമ്മേളനം കഴിയുന്നതുവരെ സസ്‌പെൻഡ് ചെയ്തു. അച്ചടക്ക ലംഘനത്തിന് ബുധനാഴ്‌ച 24 എ.ഐ.എ..ഡി.എം.കെ എംപിമാരെ സ്പീക്കർ പുറത്താക്കിയിരുന്നു.

സസ്‌പെൻഡ് ചെയ്യപ്പെട്ട അംഗങ്ങൾ പുറത്തു പോകാൻ വിസമ്മതിച്ചതിനെ തുടർന്ന് ഇന്നലെ റാഫേൽ വിഷയത്തിലെ ചർച്ച പൂർത്തിയാക്കാൻ കഴിഞ്ഞില്ല. അതേസമയം ശീതകാല സമ്മേളനത്തിൽ ആദ്യമായി ഇന്നലെ രാജ്യസഭയിൽ ശൂന്യവേളയും ചോദ്യോത്തര വേളയും തടസങ്ങളില്ലാതെ പൂർത്തിയാക്കി. മുത്തലാഖ് ബിൽ ചർച്ചയ്‌ക്കെടുത്തില്ല. ശബരിമല വിഷയത്തിൽ ശാശ്വത സമാധാനത്തിന് കേന്ദ്ര സർക്കാർ ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ട് ആർ.എസ്.പി എംപി എൻ.കെ.പ്രേമചന്ദ്രൻ, കോൺഗ്രസ് അംഗങ്ങളായ കെ.സി.വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ് എന്നിവർ ലോക്‌സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.

ബഹളത്തിൽ 12മണിക്ക് പിരിഞ്ഞ സഭ രണ്ടുമണിക്ക് വീണ്ടും ചേർന്നപ്പോൾ സസ്‌പെൻഡ് ചെയ്‌ത അംഗങ്ങളും സഭയിൽ എത്തി. അംഗങ്ങൾ പുറത്തുപോകാതെ സഭയിൽ തുടർന്നപ്പോൾ സ്‌പീക്കർ പിരിയുകയാണെന്ന് അറിയിച്ചു. കാശ്‌മീരിൽ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തിയത് അംഗീകരിക്കുന്ന പ്രമേയവും വിദ്യാഭ്യാസ അവകാശ നിയമ ഭേദഗതി ബില്ലും പാസാക്കി.