ന്യൂഡൽഹി: അയോദ്ധ്യകേസ് വേഗത്തിൽ വാദം കേട്ട് തീർപ്പാക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി. കേസിൽ വാദം കേൾക്കുന്നത് എപ്പോഴെന്ന് ജനുവരി 10ന് അനുയോജ്യമായ ബെഞ്ച് അറിയിക്കുമെന്ന് ചീഫ്ജസ്റ്റിസ് രഞ്ജൻ ഗോഗോയി, ജസ്റ്റിസ് എസ്.കെ കൗൾ എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.
ഭൂമി മൂന്നായി വിഭജിച്ച് നൽകിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ 14 അപ്പീലുകളാണ് സുപ്രീംകോടതിയിലുള്ളത്. ഈ ഹർജികളിൽ ദൈനംദിനാടിസ്ഥാനത്തിൽ വാദം കേട്ട് വിധി പറയണമെന്നാവശ്യപ്പെട്ട് അഭിഭാഷകൻ ഹരിനാഥ് റാം ആണ് ഹർജി നൽകിയത്. ഇന്നലെ ഹർജി പരിഗണനയ്ക്കെടുത്ത് ബെഞ്ച് മിനിട്ടുകൾക്കുള്ളിൽ തന്നെ നിലപാട് അറിയിക്കുകയായിരുന്നു. ഹർജികൾ വേഗത്തിൽ കേൾക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ഉത്തർപ്രദേശ് സർക്കാർ നൽകിയ ഹർജിയും സുപ്രീംകോടതി തള്ളിയിരുന്നു. ഹർജിയിൽ എത്രയും വേഗം തീർപ്പുണ്ടാക്കണമെന്ന് ബി.ജെ.പിയും സംഘപരിവാർ സംഘടനകളും ആവശ്യമുന്നയിക്കുന്നുണ്ട്.