mp-dharna

ന്യൂഡൽഹി: നിലപാടുകൾ ന്യായീകരിക്കാൻ ബി.ജെ.പി, കോൺഗ്രസ്, സി.പി.എം കക്ഷികൾ മത്സരിച്ചതോടെ ശബരിമല വിഷയം പാർലമെന്റിനകത്തും പുറത്തും ഇന്നലെ സജീവ ചർച്ചയായി. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ച ലോക്‌സഭാ സ്‌പീക്കർ സുമിത്രാ മഹാജൻ ശൂന്യവേളയിൽ സംസാരിക്കാൻ അംഗങ്ങൾക്ക് അവസരം നൽകി.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ദക്ഷിണേന്ത്യയിലെ ബി.ജെ.പി അംഗങ്ങളും സ്‌ത്രീ സമത്വം ആവശ്യപ്പെട്ട് ഇടത് എം.പിമാരും പാർലമെന്റിന് വെളിയിൽ ധർണ നടത്തി. ഹർത്താൽ ആക്രമണം ചർച്ച ചെയ്യണമെന്ന് സി.പി.എം രാജ്യസഭയിലും ആവശ്യപ്പെട്ടു.

യുവതീപ്രവേശന വിഷയത്തിൽ നിയമനിർമ്മാണം നടത്തണമെന്ന് കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ പാർലമെന്റിൽ ആവശ്യപ്പെട്ടു. പൊലീസ് ഒത്താശയോടെ ആക്ടിവിസ്റ്റുകളായ യുവതികൾ ശബരിമലയിൽ പ്രവേശിച്ചത് വിശ്വാസികളെ വേദനിപ്പിച്ചെന്നും പറഞ്ഞു.

സുപ്രീംകോടതി വിധി നടപ്പാക്കാൻ സംസ്ഥാന സർക്കാരിന് ബാദ്ധ്യതയുണ്ടെന്ന് സി.പി.എം നേതാവ് പി. കരുണാകരൻ പറഞ്ഞു. ബി.ജെ.പി നേതാക്കളും കോൺഗ്രസ‌് ഹൈക്കമാൻഡും യുവതീപ്രവേശത്തെ അനുകൂലിച്ച ശേഷം തകിടംമറിഞ്ഞു.

നിരീശ്വര വാദികളാണ് പ്രശ്‌നങ്ങളുണ്ടാക്കുന്നതെന്ന് ബി.ജെ.പി എം.പി മീനാക്ഷി ലേഖി പറഞ്ഞു. ശബരിമലയിൽ തനതായ ആചാരരീതിയുണ്ട്. ആചാരങ്ങൾ യുക്തിക്ക് അതീതമാണ്. ബ്രഹ്മചാരിയായ ദൈവത്തിനു മുന്നിൽ സ്‌ത്രീകൾ ചെല്ലുന്നതും യോജിച്ച വിധമാകണം. പുരുഷൻമാർക്കുള്ള പരിശീലനമാണ് 41ദിവസത്തെ വ്രതം. അത് 28 ദിവസമായി കുറയ്‌ക്കാൻ കോടതിക്ക് കഴിയില്ല. സർക്കാരിനും ഇടപെടാൻ കഴിയില്ല.

പാർലമെന്റിന് വെളിയിൽ നടന്ന ധർണയിൽ വി. മുരളീധരൻ, കർണാടകയിൽ നിന്നുള്ള രാജീവ് ചന്ദ്രശേഖർ, ശോഭാ കരന്തജ്‌ലെ, നളിൻ കട്ടീൽ തുടങ്ങിയവർ പങ്കെടുത്തു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ അംഗങ്ങൾ മുദ്രാവാക്യം വിളിച്ചു.

ശബരിമല അടക്കമുള്ള വിഷയങ്ങളിൽ സ്‌ത്രീ സമത്വം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെയും പശ്‌ചിമ ബംഗാളിലെയും ഇടത് എം.പിമാരും പാർലമെന്റിനു മുന്നിൽ ധർണ നടത്തി.