ന്യൂഡൽഹി: പഞ്ചാബ് മുൻ പ്രതിപക്ഷ നേതാവും മുതിർന്ന അഭിഭാഷകനുമായ എച്ച്.എസ് ഫൂൽക്ക ആംആദ്മി പാർട്ടിയിൽ നിന്ന് രാജിവച്ചു. വ്യാഴാഴ്ച രാത്രി ട്വിറ്ററിലൂടെയാണ് രാജിവിവരം ഫൂൽക്ക പങ്കുവച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനൊരുങ്ങവെ പഞ്ചാബിലെ ശക്തനായ നേതാവിനെ നഷ്ടപ്പെട്ടത് ആംആദ്മിക്ക് ക്ഷീണമായി.
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഭാരതരത്ന തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ഡൽഹി നിയമസഭയിൽ വന്ന പ്രമേയത്തെ ആംആദ്മി പിന്തുണയ്ക്കാതിരുന്നത് രാജിക്കുള്ള കാരണങ്ങളിലൊന്നാണെന്ന് ഇന്നലെ വാർത്താസമ്മേളനത്തിൽ ഫൂൽക്ക പറഞ്ഞു. വ്യക്തിപരമായ കാരണങ്ങളാണ് രാജിക്ക് പിന്നിലെന്നും പാർട്ടിയുമായുള്ള പ്രശ്നങ്ങളല്ലെന്നും ആംആദ്മി പാർട്ടി വിശദീകരിച്ചു.
1984ലെ സിക്ക് കൂട്ടക്കൊല കേസിൽ ഇരകൾക്ക് വേണ്ടി നിയമപോരാട്ടം നടത്തുന്നത് ഫൂൽക്കയാണ്. കേസിൽ കോൺഗ്രസ് നേതാവ് സജ്ജൻകുമാർ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെയാണ് നിയമസഭയിൽ പ്രമേയം വന്നത്.
അതേസമയം ആംആദ്മി പാർട്ടിയും കോൺഗ്രസും തമ്മിൽ സഖ്യത്തിന് ശ്രമിക്കുന്നതാണ് രാജിയിലേക്ക് നയിച്ച പ്രധാനകാരണമെന്നാണ് റിപ്പോർട്ട്. അടുത്തിടെ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയും ആപ്പ് നേതാവ് അരവിന്ദ് കേജ്‌രിവാളും പ്രതിപക്ഷ പാർട്ടി വേദി പങ്കിട്ടത് ഇരുപാർട്ടികളും സഖ്യസാദ്ധ്യത തേടുന്നതായുള്ള സൂചനകൾ ശക്തമാക്കിയിരുന്നു. പ്രമേയത്തെ പിന്തുണയ്ക്കാതിരുന്നത് ഈ സാഹചര്യത്തിലാണെന്നാണ് വിമർശനം.
ശമ്പളം പറ്റുന്ന പദവി വഹിക്കുന്നതായി കാണിച്ച് 2017ൽ ബാർ കൗൺസിൽ സിക്ക് കൂട്ടക്കൊല കേസിൽ ഹാജരാകുന്നതിൽ നിന്ന്തടഞ്ഞതിനെ തുടർന്ന് പ്രതിപക്ഷ നേതാവ് സ്ഥാനം ഫൂൽക്ക രാജിവയ്ക്കുകയായിരുന്നു. മൂന്നുമാസം മുൻപ് എം.എൽ.എ സ്ഥാനം രാജിവച്ചിരുന്നെങ്കിലും സ്പീക്കർ ഇതുവരെ സ്വീകരിച്ചിട്ടില്ല.