ന്യൂഡൽഹി: ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരിദിനം ആചരിച്ച ദിവസം കൈയിൽ കറുത്ത തുണി കെട്ടി പാർലമെന്റിൽ വന്നതിന് എം.പിമാരെ കോൺഗ്രസ് പാർലമെന്റി പാർട്ടി നേതാവ് സോണിയാ ഗാന്ധി ശകാരിച്ചെന്ന വാർത്ത കൊടിക്കുന്നിൽ സുരേഷ് നിഷേധിച്ചു. വാർത്തകൾക്കു പിന്നിൽ സി.പി.എം എം.പിമാരാണെന്നും കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റുകൂടിയായ കൊടിക്കുന്നിൽ പറഞ്ഞു. ശബരിമല വിഷയത്തിൽ വിശ്വാസികളുടെ വികാരം നോക്കി നിലപാട് സ്വീകരിക്കാൻ ഹൈക്കമാൻഡ് കെ.പി.സി.സിക്ക് അനുമതി നൽകിയിട്ടുണ്ട്. കറുത്ത തുണി കെട്ടിയതിനെക്കുറിച്ച് സോണിയ അന്വേഷിച്ചില്ല. ഹൈക്കമാൻഡും കെ.പി.സി.സിയും രണ്ടു വഴിക്കാണെന്ന് വരുത്താൻ ചില സി.പി.എം എം.പിമാർ വാർത്ത പ്രചരിപ്പിച്ചതാണെന്നും കൊടിക്കുന്നിൽ വിശദീകരിച്ചു. വാർത്ത അടിസ്ഥാന രഹിതമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു.