ന്യൂഡൽഹി:ബോഫോഴ്സ് അഴിമതിയുടെ പേരിൽ കോൺഗ്രസിന് അധികാരം നഷ്‌ടമായെങ്കിൽ സുതാര്യമായ റാഫേൽ ഇടപാടിന്റെ പേരിൽ മോദി വീണ്ടും അധികാരത്തിലെത്തുമെന്ന് പ്രതിരോധ മന്ത്രി നിർമ്മലാ സീതാരാമൻ പറഞ്ഞു. റാഫേൽ ഇടപാടിലെ ഒാഫ്‌സെറ്റ് കരാർ അടക്കമുള്ള കാര്യങ്ങളിൽ വ്യക്തമായ മറുപടി നൽകാതെ മന്ത്രി ഒളിച്ചോടിയെന്നും കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ പ്രതികളെ ശിക്ഷിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു
ലോക്‌സഭയിൽ ഇന്നലെ റാഫേൽ ചർച്ചയ്‌ക്കിടെയാണ് ഇരുവരും ഏറ്റുമുട്ടിയത്.
രണ്ട് മണിക്കൂർ നീണ്ട മറുപടിയിൽ നിർമ്മല സീതാരാമൻ രാഹുൽ ഗാന്ധിയുടെ
ആരോപണങ്ങൾക്ക് എണ്ണിയെണ്ണി മറുപടി പറഞ്ഞു. റാഫേൽ ഇടപാട് സുതാര്യമാണെന്നും രാജ്യസുരക്ഷയിൽ വിട്ടുവീഴ്‌ച ചെയ്‌ത കോൺഗ്രസ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ദല്ലാളൻമാർ ഇല്ലാതെയാണ് പ്രതിരോധ മന്ത്രാലയം പ്രവർത്തിക്കുന്നതെന്നും അവർ വ്യക്തമാക്കി.
കേരളത്തിൽ നിന്ന് കെ.സി. വേണുഗോപാൽ, എൻ.കെ. പ്രേമചന്ദ്രൻ, പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയവർ സംസാരിച്ചു. പ്രതിപക്ഷം റാഫേലിൽ ജെ.പി.സി അന്വേഷണം ആവശ്യപ്പെട്ടു.
യുദ്ധവിമാനത്തിന്റെ വില വെളിപ്പെടുത്തരുതെന്ന വ്യവസ്ഥ ഇടപാടിൽ ഇല്ലെന്ന് മുൻ ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞെന്ന രാഹുലിന്റെ വാദം സഭയിൽ തെളിയിക്കണം. സഭയിൽ പേരു പറയുമ്പോൾ പ്രതിപക്ഷ അംഗങ്ങൾക്ക് മാത്രമല്ല, തനിക്കും പ്രധാനമന്ത്രിക്കും വേദനിക്കും. അവിശ്വാസ പ്രമേയ ചർച്ചയ്‌ക്കിടെ തന്നെ കള്ളിയെന്ന് വിളിച്ചു. പാവപ്പെട്ട സാഹചര്യത്തിൽ നിന്നു വരുന്ന തനിക്കും അതു വേദനിച്ചു. അഴിമതി ചെയ്യാത്ത മോദിയെ കള്ളനെന്ന് വിളിച്ചതിനും ന്യായീകരണമില്ലെന്ന് പറഞ്ഞുകൊണ്ടാണ് നിർമ്മലാ സീതാരാമൻ പ്രസംഗം അവസാനിപ്പിച്ചത്.
കോൺഗ്രസിനുള്ള നിർമ്മലയുടെ മറുപടി:
രണ്ട് സ്‌ക്വാഡ്രൻ അല്ലെങ്കിൽ 36 വിമാനങ്ങൾ വാങ്ങാൻ നിർദ്ദേശിച്ചത് വ്യോമസേനയാണ്
126 വിമാനങ്ങൾ വാങ്ങാനുള്ള മുൻ യു.പി.എ സർക്കാരിന്റെ നീക്കം പാർട്ടിക്ക് സാമ്പത്തിക ലാഭമുണ്ടാക്കാൻ
എൻ.ഡി.എ സർക്കാരിന്റെ ഇടപാട് പ്രകാരം ഇക്കൊല്ലം ആദ്യ വിമാനമെത്തും. 2022ൽ 36-ാം വിമാനവും വരും.
ഒരു വിമാനത്തിന് കോൺഗ്രസ് 2007ൽ തീരുമാനിച്ച വിലയാണ് 526 കോടി. 2016ൽ അത്1600 കോടിയായി വർദ്ധിച്ചത് സ്വാഭാവികം.
ഭരണകാലത്ത് എച്ച്.എ.എല്ലിനെ ലാഭത്തിലാക്കാൻ ശ്രമിക്കാത്തവർ ഇപ്പോൾ ഒാഫ്‌സെറ്റ് കരാറിന്റെ പേരിൽ മുതലക്കണ്ണീർ ഒഴുക്കുന്നു
അഴിമതി സാദ്ധ്യത ഇല്ലാത്തതിനാൽ യു.പി.എ സർക്കാർ റാഫേൽ കരാർ പാതിവഴിക്ക് ഉപേക്ഷിച്ചു
രാഹുലിന്റെ നാലു ചോദ്യങ്ങൾ:
നാല് ചോദ്യങ്ങൾക്കാണ് പ്രതിരോധ മന്ത്രിയിൽ നിന്ന് മറുപടി പ്രതീക്ഷിക്കുന്നതെന്ന് രാഹുൽ ഗാന്ധി മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. വിമാനത്തിന്റെ വില, എണ്ണം, റിലയൻസിനുള്ള ഒാഫ്സെറ്റ് കരാർ, ഇടപാട് പ്രതിരോധ മന്ത്രാലയം അംഗീകരിച്ചത് എങ്ങനെ എന്നീ ചോദ്യങ്ങളാണ് രാഹുൽ ഉന്നയിച്ചത്.