ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടു
ന്യൂഡൽഹി: അഗസ്റ്റവെസ്റ്റ്ലാൻഡ് കോപ്ടർ അഴിമതി കേസിൽ അറസ്റ്റിലായ ഇടനിലക്കാരൻ ക്രിസ്റ്റ്യൻ മിഷേലിന് മറ്റ് പ്രതിരോധ ഇടപാടുകളിലും പങ്കുണ്ടെന്ന് സൂചനയുള്ളതായി എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ഡൽഹി പട്യാല ഹൗസ് കോടതിയിൽ പറഞ്ഞു.
ചോദ്യം ചെയ്യൽ ഫലപ്രദമായിരുന്നെന്നും ഹവാല ഇടപാടിലൂടെയും മറ്റുമുള്ള പണം കൈമാറ്റത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും പബ്ലിക് പ്രോസിക്യൂട്ടർ ഡി.പി സിംഗ് പറഞ്ഞു.
ഇറ്റാലിയൻ കോടതി ആരോപണങ്ങളെല്ലാം തള്ളിയതാണെന്നും ജാമ്യം അനുവദിക്കണമെന്നും മിഷേലിന്റെ അഭിഭാഷകൻ വാദിച്ചു. മലയാളികളായ അൽജോ കെ.ജോസഫ് ,വിഷ്ണു ശങ്കർ, ശ്രീറാം പറക്കാട്ട് എന്നിവരാണ് മിഷേലിന്റെ അഭിഭാഷകർ. എന്നാൽ ഓഡിറ്റ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടിയാണ് മിഷേൽ ആരോപണങ്ങളെ പ്രതിരോധിക്കുന്നതെന്നും ഈ റിപ്പോർട്ടുകളിൽ വസ്തുതാപരമായ പിഴവുകളുണ്ടെന്ന് അന്വേഷണത്തിൽ ബോദ്ധ്യമായെന്നും ഇ.ഡി ആരോപിച്ചു. ഇറ്റാലിയൻ കോടതി മിഷേലിനെ കുറ്റവിമുക്തനാക്കിയത് ഈ ഓഡിറ്റ് റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാണോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും ഇ.ഡി വ്യക്തമാക്കി.
ഫെബ്രുവരി 26വരെ സ്പെഷ്യൽ ജഡ്‌ജി അരവിന്ദ്കുമാർ മിഷേലിനെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടു.
ഡിസംബർ 5നാണ് മിഷേലിനെ യു.എ.ഇയിൽ നിന്ന് ഇന്ത്യയിലെത്തിച്ചത്. ആദ്യം സി.ബി.ഐ അറസ്റ്റ് രേഖപ്പെടുത്തി. പിന്നീട് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് കള്ളപ്പണം വെളുപ്പിക്കൽ കേസ് രജിസ്റ്റർ ചെയ്തു. 14 ദിവസമാണ് ഇ.ഡി മിഷേലിനെ ചോദ്യം ചെയ്തത്.
ഇടപാടിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞവർഷം ജനുവരിയിൽ ഇറ്റാലിയൻ കോടതി മിഷേലിനെ കുറ്റവിമുക്തനാക്കിയത്.