ന്യൂഡൽഹി: ശബരിമലയിലെ യുവതി പ്രവേശനത്തെ തുടർന്ന് കേരളത്തിൽ അക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് തേടി. സ്ഥിതിഗതികൾ എത്രയും പെട്ടെന്ന് നിയന്ത്രണ വിധേയമാക്കാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടതായും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ഡൽഹിയിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. കേരളത്തിലെ സാഹചര്യങ്ങൾ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അക്രമങ്ങളെ സഹായിക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാർ കൈക്കൊള്ളുന്നതെന്ന് ബി.ജെ.പി വക്താവ് ജി.വി.എൽ. നരസിംഹറാവു ആരോപിച്ചു. തലശ്ശേരിയിൽ വി.മുരളീധരൻ എം.പിയുടെ വസതിക്കു നേരെയുണ്ടായ അക്രമത്തെ ബി.ജെ.പി അപലപിച്ചു. സർക്കാർ സ്‌പോൺസേർഡ് അക്രമം അവസാനിപ്പിച്ചില്ലെങ്കിൽ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും. സി.പി.എം അക്രമത്തിന് പേരുകേട്ട സ്ഥലമാണ് കണ്ണൂർ. സ്വന്തം നാട്ടിലെ അക്രമത്തിന് മുഖ്യമന്ത്രി പ്രോത്‌സാഹനം നൽകുന്നു. ശബരിമലയുടെ പാരമ്പര്യം കാക്കാൻ കേരളത്തിൽ പ്രതിഷേധിക്കുന്നത് ബി.ജെ.പിയല്ല, വിശ്വാസികളാണ്. ഭക്തൻമാർ ആക്രമണത്തിന് ഇരയായി. ഒരു വിശ്വാസി കൊല്ലപ്പെട്ടു.