തിരിച്ചടി നൽകി ജി.എസ്.ടി ഉപസമിതി
ന്യൂഡൽഹി: പ്രളയാനന്തര പുനർനിർമാണത്തിന് പണം കണ്ടെത്താൻ ദേശീയതലത്തിൽ ജി.എസ്.ടി സെസ് ഇൗടാക്കണമെന്ന കേരളത്തിന്റെ നിർദ്ദേശത്തിന് തിരിച്ചടി നൽകിക്കൊണ്ട് പ്രളയസെസ് കേരളത്തിൽ മാത്രം പിരിക്കാനും അത് ഒരു ശതമാനമായി പരിമിതപ്പെടുത്താനും ഇന്നലെ ചേർന്ന ജി.എസ്.ടി കൗൺസിലിന്റെ ഉപസമിതി നിർദ്ദേശിച്ചു.
വ്യാഴാഴ്ച ചേരുന്ന ജി.എസ്.ടി കൗൺസിൽ ഇത് അംഗീകരിക്കുന്നതോടെ സെസ് നിലവിൽ വരും. കേരളത്തിൽ ഏതെല്ലാം വസ്തുക്കൾക്ക് വേണമെന്നതും അത് എത്രകാലം വേണമെന്നതും സംസ്ഥാനത്തിന് നിർദ്ദേശിക്കാം. ധനമന്ത്രി ടി.എം. തോമസ് ഐസക്ക് കൂടി പങ്കെടുത്ത ഉപസമിതിയിലാണ് തീരുമാനം.
ജി.എസ്.ടി പ്രളയദുരന്ത സെസിലൂടെ രണ്ടായിരംകോടിരൂപ കണ്ടെത്താനാണ് കേരളം ലക്ഷ്യമിട്ടത്. ഇതിനായി ദേശീയ തലത്തിൽ തന്നെ സെസ് പിരിക്കാമെന്ന് കേന്ദ്രസർക്കാർ തത്വത്തിൽ സമ്മതിച്ചതുമാണ്. എന്നാൽ മഹാരാഷ്ട്ര, ചത്തീസ്ഗഡ്, ഒഡിഷ, അസാം തുടങ്ങി ഏതാനും സംസ്ഥാനങ്ങൾ മാത്രമാണ് ഒക്ടോബറിൽ ചേർന്ന ജി.എസ്.ടി കൗൺസിലിൽ ഇൗ നിർദ്ദേശത്തെ അനുകൂലിച്ചത്. തുടർന്നാണ് വിഷയം പഠിക്കാനും നിർദ്ദേശം സമർപ്പിക്കാനും ബീഹാർ ഉപമുഖ്യമന്ത്രി സുശീൽകുമാർ മോഡി അദ്ധ്യക്ഷനായ ആറംഗ ഉപസമിതിയെ നിയോഗിച്ചത്. ദുരന്തങ്ങളുണ്ടാകുമ്പോൾ ദേശീയതലത്തിൽ സെസ് എന്ന നിർദ്ദേശം പ്രായോഗികമല്ലെന്ന് ഇന്നലെ ഡൽഹിയിൽ ചേർന്ന ഉപസമിതിയോഗം വിലയിരുത്തി. ജനറൽ കൗൺസിൽ അനുമതി നൽകിയാൽ ജി.എസ്.ടിയിൽ പ്രകൃതിക്ഷോഭ സെസ് ഏർപ്പെടുത്തുന്ന ആദ്യ സംസ്ഥാനമായി കേരളം മാറും.
ഒന്നരകോടി വരെ വിറ്റുവരവുള്ള വാണിജ്യസംരംഭകർക്ക് അനുമാന നികുതി കൊണ്ടുവരാനും 50 ലക്ഷം രൂപ വരെ വരുമാനമുള്ള എല്ലാ സേവന ദാതാക്കൾക്കും കോമ്പോസിഷൻ നികുതി ഏർപ്പെടുത്താൻ നിർദ്ദേശിക്കാനും ഉപസമിതി ഇന്നലെ തീരുമാനിച്ചു.