rajnath-singh

ന്യൂഡൽഹി:ബി. ജെ. പിയുടെ ലോക്‌സഭാ തിരഞ്ഞെടുപ്പ് തയ്യാറെടുപ്പിന്റെ ഭാഗമായി പ്രകടന പത്രിക തയ്യാറാക്കാനും പ്രചരണത്തിനും അടക്കമുള്ള 17 സമിതികൾ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ പ്രഖ്യാപിച്ചു.

ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് അദ്ധ്യക്ഷനായ 20 അംഗ സമിതിയാണ് പ്രകടനപത്രിക ( സങ്കൽപ്പ പത്രം ) തയ്യാറാക്കുക. കേന്ദ്രമന്ത്രിമാരായ നിർമ്മല സീതാരാമൻ, അൽഫോൺസ് കണ്ണന്താനം, രവിശങ്കർ പ്രസാദ്, പീയൂഷ് ഗോയൽ, മുക്‌താർ അബ്ബാസ് നഖ്‌വി എന്നിവരും മുൻ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി

ശിവരാജ് സിംഗ് ചൗഹാനും പ്രകടനപത്രിക സമിതിയിൽ അംഗങ്ങളാണ്.

ധനമന്ത്രി അരുൺ ജയ്‌റ്റ്‌ലിയുടെ നേതൃത്വത്തിലുള്ള എട്ടംഗ സമിതിക്കാണ് പ്രചാരണ ചുമതല. രാജ്യവർദ്ധൻ സിംഗ് റാത്തോഡ്, മഹേഷ് ശർമ്മ തുടങ്ങിയവർ അംഗങ്ങളാണ്.

സാമൂഹ്യ,സന്നദ്ധ സംഘടനകളെ ബന്ധപ്പെടാനുള്ള സമിതിയെ കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരിനയിക്കും. തിരഞ്ഞെടുപ്പ് സാഹിത്യം തയ്യാറാക്കാനുള്ള സമിതിയെ കേന്ദ്രമന്ത്രി സുഷമാ സ്വരാജ് നയിക്കും. പ്രഭാത് ത്ധാ അനുരാഗ് താക്കൂർ തുടങ്ങിയവർ സുഷമയെ സഹായിക്കും.

ബുദ്ധി ജീവികൾ ഉൾപ്പെടെയുള്ള പ്രമുഖ വ്യക്തികളുടെ യോഗങ്ങൾ സംഘടിപ്പിക്കേണ്ട സമിതിയെ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ നയിക്കും.മീനാക്ഷി ലേഖി, സാംബിത് പത്ര മുരളീധർ റാവു എന്നിവർ സമിതിയിലുണ്ട്.

മാദ്ധ്യമങ്ങളെയും സാമൂഹ്യ മാദ്ധ്യമങ്ങളെയും കൈകാര്യം ചെയ്യാൻ 13 അംഗങ്ങൾ വീതമുള്ള രണ്ട് സമിതികൾ ഉണ്ടാവും. മാദ്ധ്യമ സമിതിയെ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദും സാമൂഹ്യമാദ്ധ്യമ സമിതിയെ ശ്യാം ജാജുവും നയിക്കും.

പ്രചാരണ സമിതിയിൽ രാജ്യസഭാ എംപി രാജീവ് ചന്ദ്രശേഖർ, സാഹിത്യ സമിതിയിൽ ബാലശങ്കർ എന്നീ മലയാളികളും അംഗങ്ങളാണ്.

ബൈക്ക് റാലികൾ ആസൂത്രണം ചെയ്യാനുള്ള മൂന്നംഗ സമിതി പ്രത്യേകതയാണ്.