ന്യൂഡൽഹി: ബി.ജെ.പിയുടെ കേരളത്തിലെ മുതിർന്ന നേതാവും രാജ്യസഭാംഗവുമായ വി.മുരളീധരന്റെ വീടിനു നേരെയുണ്ടായ ബോംബാക്രമണത്തിൽ പ്രതിഷേധിക്കാൻ പാർട്ടി എം.പിമാർ ഇന്ന് രാവിലെ പത്തുമണിക്ക് പാർലമെന്റിനു മുന്നിൽ ധർണ നടത്തും. വിഷയം ദേശീയതലത്തിൽ ഉയർത്തിക്കാട്ടാനാണ് പാർട്ടി തീരുമാനം. ബോംബാക്രമണത്തെ കേന്ദ്രമന്ത്രിമാരായ സ്‌മൃതി ഇറാനി, രാജ്യവർദ്ധൻ സിംഗ് റാഥോർ എന്നിവർ അപലപിച്ചു.
കേരളത്തിലെ ക്രമസമാധാനനില പാടെ തകർന്നതിന്റെ വലിയ ഉദാഹരണമാണ് വി.മുരളീധരന്റെ വീടിനു നേരെയുണ്ടായ ആക്രമണമെന്ന് സ്‌മൃതി ഇറാനി ബി.ജെ.പി ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തിൽ ആരോപിച്ചു. ആക്രമണങ്ങളുണ്ടാകുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ നോക്കിനിന്ന് രസിക്കുകയാണെന്നും സ്‌മൃതി ഇറാനി പറഞ്ഞു.
കേരളത്തിലെ സ്ഥിതിഗതികൾ ആശങ്കാജനകമാണെന്ന് കേന്ദ്ര വാർത്താ വിതരണ മന്ത്രി രാജ്യവർദ്ധൻ സിംഗ് റാഥോർ പറഞ്ഞു. മുരളീധരന്റെ വീടിനു നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് പക്ഷപാതപരമായ പ്രസ്‌താവന നടത്തിയ മുഖ്യമന്ത്രി സ്ഥിതിഗതികൾ കൂടുതൽ വഷളാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.