parliament-

ന്യൂഡൽഹി: ഇന്ന് ഇരുസഭകളിലും ഭരണഘടനാ ഭേദഗതി കൊണ്ടുവരുമെന്ന് സൂചനയുണ്ടെങ്കിലും പാസാക്കുക എളുപ്പമല്ല. കാരണം ഭരണഘടനാ ഭേദഗതി പാസാക്കാൻ സഭയിൽ ഹാജരുള്ള അംഗങ്ങളുടെ മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. നിലവിലെ സാഹചര്യത്തിൽ പ്രതിപക്ഷത്തിന്റെ ഭൂരിപക്ഷ പിന്തുണയില്ലാതെ ഇത് സാദ്ധ്യമല്ല. പ്രത്യേകിച്ചും രാജ്യസഭയിൽ. സംവരണ വിഷയമായതിനാൽ വിശദമായ ചർച്ചയില്ലാതെ ബിൽ പാസാക്കാൻ കഴിയില്ല. കൂടാതെ ഭരണഘടനാ ഭേദഗതി ബിൽ പാസാക്കാൻ നിരവധി ചട്ടങ്ങൾ പാലിക്കണം. പാസായില്ലെങ്കിൽ തന്നെ ബി.ജെ.പിയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനമായി ഇത് ഉയർത്തിക്കാണിക്കാം. ദേശീയ പണിമുടക്ക് ദിവസമായ ഇന്ന് പാർലമെന്റിന്റെ ഇരു സഭകളും പൂർണമായി സ്‌തംഭിപ്പിക്കാൻ പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്.

ഭേദഗതി പാസാക്കാനുള്ള

ചട്ടങ്ങൾ ഇങ്ങനെ:

1. സഭയിലെ ആകെ അംഗങ്ങളിൽ ഭൂരിപക്ഷത്തിന്റെയും പിന്തുണ

2. സഭയിൽ ഹാജരായവരിൽ മൂന്നിൽ രണ്ട് അംഗങ്ങളുടെ പിന്തുണ

3. ഒരു സഭയിൽ പരാജയപ്പെട്ടാൽ സംയുക്ത സമ്മേളനം വിളിച്ച് ബിൽ പരിഗണിക്കാൻ കഴിയില്ല.

4.പാർലമെന്റിൽ പാസായ ശേഷം ഇന്ത്യയിലെ പകുതി സംസ്ഥാന നിയമസഭകളുടെ പിന്തുണ