ന്യൂഡൽഹി: ശബരിമല യുവതി പ്രവേശനത്തെ തുടർന്നുള്ള സംഘർഷാവസ്ഥ നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ട സി.പി.എം സർക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് ബി.ജെ.പി എം.പി നിഷികാന്ത് ദുബെ ലോക്സഭയിൽ ആവശ്യപ്പെട്ടു. വി. മുരളീധരന്റെ വീടിനു നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി എം.പിമാർ പാർലമെന്റിലെ ഗാന്ധി പ്രതിമയ്ക്കു മുന്നിൽ ധർണ നടത്തി. ഈ വിഷയത്തിൽ ബി.ജെ.പി നടത്തുന്ന രണ്ടാം പ്രതിഷേധമാണിത്.
ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകർക്കു നേരെ നടക്കുന്ന അക്രമങ്ങളെക്കുറിച്ച് കേന്ദ്ര സർക്കാർ ജുഡിഷ്യൽ അന്വേഷണത്തിന് ഉത്തരവിടണമെന്നും ജാർഖണ്ഡിൽ നിന്നുള്ള എം.പിയായ നിഷികാന്ത് ശൂന്യവേളയിൽ ആവശ്യപ്പെട്ടു. വി. മുരളീധരൻ എം.പിയുടെ വീടിനു നേരെയുണ്ടായ ബോംബ് ആക്രമണത്തെ അപലപിച്ചുകൊണ്ടാണ് നിഷികാന്ത് ദുബെ പിണറായി സർക്കാരിനെ ആക്രമിച്ചത്. കേരളത്തിൽ സമാധാന അന്തരീക്ഷം നശിപ്പിക്കപ്പെട്ടു. സി.പി.എം നേതൃത്വത്തിൽ അക്രമ രാഷ്ട്രീയം അരങ്ങേറുകയാണ്. ബി.ജെ.പി നേതാവായതു കൊണ്ടാണ് വി. മുരളീധരന്റെ വീട് ആക്രമിക്കപ്പെട്ടത്. നേതാക്കളെയും പ്രവർത്തകരെയും സ്ത്രീകളെയും കുട്ടികളെയും സർക്കാർ വേട്ടയാടുന്നു.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് ബി.ജെ.പി എം.പിമാർ ഇന്നലെ പാർലമെന്റിനു മുന്നിൽ ധർണ നടത്തിയത്. മതവികാരം വ്രണപ്പെടുത്തുന്ന സർക്കാർ രാജി വയ്ക്കണമെന്നും അവർ ആവശ്യപ്പെട്ടു. വി. മുരളീധരൻ, കർണാടക എം.പിമാരായ രാജീവ് ചന്ദ്രശേഖർ, ശോഭാകരന്ത്ജലെ, പി.സി. മോഹൻ എന്നിവർ നേതൃത്വം നൽകിയ ധർണയ്ക്ക് പിന്തുണയുമായി മന്ത്രിമാർ അടക്കം ഇരുസഭകളിലെയും എം.പിമാരും എത്തിയിരുന്നു.