quota-bill

ന്യൂഡൽഹി: കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന പുതിയ സംവരണ ബിൽ പാർലമെന്റ് പാസാക്കിയാൽ മുന്നാക്ക വിഭാഗങ്ങൾക്ക് മാത്രമല്ല, മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങളിലുള്ളവർക്കും പ്രയോജനം ലഭിക്കും. മുന്നാക്ക വിഭാഗം എന്നൊരു വാക്ക് ബില്ലിൽ ഇല്ല. ഇപ്പോൾ സംവരണാനുകൂല്യം ലഭിക്കാത്ത ജനറൽ കാറ്റഗറിയിലുള്ള സാമ്പത്തിക പിന്നാക്കാവസ്ഥ ഉള്ളവർക്കാണ് സർക്കാർ സർവീസുകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും 10 ശതമാനം സംവരണം ലഭിക്കുക.

അതായത് ഇതുവരെ സംവരണം ലഭിക്കാത്ത സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന എല്ലാ സമുദായങ്ങൾക്കും പ്രയോജനം ലഭിക്കും. സംവരണം ആവശ്യപ്പെടുന്ന ഉത്തരേന്ത്യയിലെ നിരവധി സമുദായങ്ങളെ ഇത് തൃപ‌്‌തിപ്പെടുത്തുമെന്ന് സർക്കാർ കരുതുന്നു. ഇന്ത്യയിൽ മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങളിൽപ്പെടുന്ന പല വിഭാഗങ്ങൾക്കും വിവിധ സംസ്ഥാനങ്ങളിൽ സംവരണമില്ല. എന്നാൽ കേരളത്തിൽ മുസ്ലിം വിഭാഗത്തിൽപ്പെട്ട എല്ലാവർക്കും സംവരണാനുകൂല്യം ലഭിക്കുമ്പോൾ ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ട ചില വിഭാഗങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. നാടാർ എസ്.എെ.യു.സി വിഭാഗത്തിന് സംവരണം ലഭിക്കുമ്പോൾ പെന്തക്കോസ്ത് വിഭാഗത്തെ ഒഴിവാക്കിയിട്ടുണ്ട്. ബിൽ നിയമമായാൽ ഇനി പെന്തക്കോസ്ത് വിഭാഗത്തിലെയും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ അർഹരാകും.

ഉത്തർപ്രദേശിൽ അടക്കം ഇപ്പോൾ സംവരണം ലഭിക്കാത്ത മുസ്ളിം, ക്രിസ്‌ത്യൻ സമുദായങ്ങൾക്കും ഹിന്ദു മുന്നാക്ക വിഭാഗങ്ങളിൽപ്പെട്ട പട്ടേൽ,​ ജാട്ട്,​ ഗുജ്ജാർ,​ മറാത്തകൾ തുടങ്ങിയവർക്കും ആനുകൂല്യം ലഭിക്കും.സമൂഹത്തിലെ ദുർബല വിഭാഗങ്ങളുടെ വിദ്യാഭ്യാസ, സാമ്പത്തിക താത്പര്യങ്ങൾ സംരക്ഷിക്കാനുള്ള ഭരണഘടനയുടെ ആർട്ടിക്കിൾ 46 അടിസ്ഥാനമാക്കിയാണ് സർക്കാർ ബിൽ തയ്യാറാക്കിയത്. എട്ട് ലക്ഷം വാർഷിക വരുമാനം എന്ന പരിധി പരാമർശിക്കുമ്പോൾ തന്നെ കുടുംബ വരുമാനം, മറ്റ് സാമ്പത്തിക പ്രതികൂലാവസ്ഥ എന്നിവ പരിഗണിച്ച് പിന്നാക്കാവസ്ഥയുടെ മാനദണ്ഡം സർക്കാരുകൾക്ക് നിശ്‌ചയിക്കാമെന്നും ബില്ലിൽ പറയുന്നു. സാമ്പത്തിക സംവരണത്തെ പ്രതിപക്ഷം എതിർക്കില്ലെന്ന് മനസിലാക്കിയാണ് ഇന്നലെ തന്നെ ധൃതിപിടിച്ച് ലോക്‌സഭയിൽ ബിൽ കൊണ്ടുവന്നത്. പട്ടികജാതി, പട്ടികവർഗ നിയമം കൊണ്ടുവന്നപ്പോൾ ബി.ജെ.പിയിൽ നിന്നകന്ന സവർണ വിഭാഗത്തെ തിരികെ കൊണ്ടുവരികയാണ് ബി.ജെ.പി ലക്ഷ്യം. ശീതകാല സമ്മേളനത്തിൽ നടന്നില്ലെങ്കിൽ ഫെബ്രുവരിയിൽ ചേരുന്ന ബഡ്‌ജറ്റ് സമ്മേളനത്തിൽ ബിൽ പാസാക്കാൻ സാവകാശമുണ്ട്. അതിനും കഴിഞ്ഞില്ലെങ്കിൽ സർക്കാരിന് സാമ്പത്തിക സംവരണം തിരഞ്ഞെടുപ്പിൽ പ്രചാരണായുധമാക്കാം.

reservation

അൺ എയ്ഡഡ് മേഖല

ന്യൂനപക്ഷ സ്ഥാപനങ്ങൾ ഒഴികെയുള്ള എല്ലാ അൺ എയ്ഡഡ്,​ എയ്ഡഡ് മേഖലയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംവരണപട്ടികയിൽ വരാത്ത സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ളവർക്ക് 10 ശതമാനം സംവരണം അനുവദിക്കുന്ന കാര്യത്തിൽ അതത് സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാനുള്ള സവിശേഷാധികാരം സംസ്ഥാനങ്ങൾക്ക് നൽകുന്ന വ്യവസ്ഥയും ബില്ലിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

കോടതിയിൽ ചോദ്യം ചെയ്യപ്പെടും

രാഷ്‌ട്രീയ നീക്കങ്ങളിലൂടെ പാർലമെന്റിൽ ബിൽ പാസാക്കിയാലും സാമ്പത്തിക സംവരണം എന്ന പരിഗണന കോടതിയിൽ ചോദ്യം ചെയ്യപ്പെടുമെന്ന് നിയമവിദഗ്‌ദ്ധർ ചൂണ്ടിക്കാട്ടുന്നു. സാമൂഹ്യമായ പിന്നാക്കാവസ്ഥയാണ് സംവരണത്തിന് അടിസ്ഥാനമെന്ന് സുപ്രീംകോടതി മുൻപും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നരസിംഹ റാവു സർക്കാരിന്റെ കാലത്ത് ഒാഫീസ് മെമ്മോറാണ്ടം വഴി പത്തു ശതമാനം സംവരണം നടപ്പാക്കാൻ ഉത്തരവിട്ടതിനെ സുപ്രീംകോടതി തള്ളിയത് അക്കാര്യം ചൂണ്ടിക്കാട്ടിയാണ്. സംവരണം 50 ശതമാനത്തിൽ കൂടരുതെന്ന കോടതി വിധി മറികടക്കാനാണ് ധൃതിപിടിച്ച് ഭരണഘടനാ ഭേദഗതി കൊണ്ടുവന്നത്. സാമ്പത്തിക സംവരണത്തിന് വേണ്ടി 50 ശതമാനം എന്ന പരിധി കടക്കുന്നത് കോടതി അംഗീകരിക്കുമോ എന്നതും കണ്ടറിയണം. മുൻ വിധികൾ കോടതി പുനഃപരിശോധിച്ച ചരിത്രമാണ് ഇവിടെ സർക്കാരിന് അനുകൂലമായുള്ളത്.