ന്യൂഡൽഹി: ശീതകാല സമ്മേളനത്തിന്റെ അവസാന ദിവസമായ ഇന്നലെ ലോക്‌സഭയിൽ കേരള എം. പിമാർ രാവിലെ ചോദ്യോത്തര വേള മുതൽ രാത്രി വൈകിയും തുടർന്ന ഭരണഘടനാ ഭേദഗതി ബിൽ ചർച്ച വരെ സജീവമായിരുന്നു.

രാവിലെ മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട ചോദ്യവുമായി എ. സമ്പത്താണ് തുടങ്ങിയത്. മത്സ്യബന്ധന മേഖലയ്‌ക്ക് ഗുണം ലഭിക്കാൻ കൃഷി, ഫിഷറീസ് മന്ത്രാലയങ്ങൾ രണ്ടാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തിലെ പരമ്പരാഗത തൊഴിലാളികൾക്ക് ആഴക്കടൽ മത്സ്യബന്ധന പരിശീലനം നൽകണമെന്ന് പ്രൊഫ.കെ.വി. തോമസ് ആവശ്യപ്പെട്ടു. വിദേശ ട്രോളറുകൾ ഇന്ത്യൻ സമുദ്രത്തിൽ നിന്ന് പിടിക്കുന്ന മത്സ്യസമ്പത്തിന്റെ അളവും മൂല്യവും വ്യക്തമാക്കണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു. കാസർഗോഡ് എം.പി പി.കരുണാകരൻ ഗ്രാമീണ മേഖലയിലെ ഫുഡ്പാർക്കുകളെ പറ്റി ചോദ്യം ഉന്നയിച്ചു.

ഉച്ചയ്‌ക്ക് ശേഷം ട്രേഡ് യൂണിയൻ ഭേദഗതി ബിൽ ചർച്ചയിൽ എൻ.കെ.പ്രേമചന്ദൻ, ശശി തരൂർ, എംബി. രാജേഷ്, എ. സമ്പത്ത് എന്നിവർ സംസാരിച്ചു. ബിൽ ധൃതിയിൽ അവതരിപ്പിച്ചതിനെ എംപിമാർ അപലപിച്ചു. തൊഴിലാളി യൂണിയനുകളുടെ അംഗീകാരത്തിനുള്ള മാനദണ്ഡം നിശ്ചയിക്കാനുളള അവകാശം സർക്കാരിൽ നിഷിപ്തമാക്കുന്നതിനെ പ്രേമചന്ദ്രനും തരൂരും എതിർത്തു. പണിമുടക്കുമായി ബന്ധപ്പെട്ട് ചർച്ചയ്‌ക്ക് തയ്യാറാകാത്ത സർക്കാർ തൊഴിലാളി സ്വാതന്ത്ര്യത്തിന്റ കഴുത്തറക്കാനാണ് ശ്രമിക്കുന്നതെന്ന് സമ്പത്ത് ആരോപിച്ചു. സ്‌‌റ്റാൻഡിംഗ് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം അവഗണിച്ചതിൽ പ്രതിഷേധിച്ച് സമ്പത്തിന്റെ നേതൃത്വത്തിൽ ഇടത് അംഗങ്ങൾ വാക്കൗട്ട് നടത്തി. ഡി.എൻ.എ ബില്ലിന്റെ ചർച്ചയിൽ ശശി തരൂർ വ്യവസ്ഥകളിലെ പോരായ്‌മകൾ ചൂണ്ടിക്കാട്ടി സുദീർഘമായ പ്രസംഗമാണ് നടത്തിയത്. പ്രേമചന്ദ്രൻ പൗരന്റെ സ്വകാര്യത ലംഘിക്കപ്പെടുമെന്ന ആശങ്ക പങ്കുവച്ചു.

പൗരത്വ ബിൽ ചർച്ചയിൽ പി.കെ. കുഞ്ഞാലിക്കുട്ടി അയൽ രാജ്യങ്ങളിൽ നിന്നുള്ള മുസ്ലിം ഇതര ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യയിൽ പൗരത്വം നൽകുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബില്ലിനെ രൂക്ഷമായി വിമർശിച്ചു.