ന്യൂഡൽഹി: അയൽ രാജ്യങ്ങളിൽ നിന്ന് കുടിയേറിയ മുസ്ളീം ഇതര ജനവിഭാഗങ്ങൾക്ക് ആറു വർഷം ഇന്ത്യയിൽ താമസിച്ചാൽ പൗരത്വം നൽകുന്ന പൗരത്വ ഭേദഗതി ബിൽ ലോക്‌സഭയിൽ പാസാക്കി. പാകിസ്ഥാൻ, ബംഗ്ളാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്ന് കുടിയേറിയ ഹിന്ദു, ജയിൻ, ക്രിസ്‌ത്യൻ, സിക്ക്, ബുദ്ധ, പാർസി മതക്കാർക്ക് രേഖകളില്ലാതെ ഇന്ത്യയിൽ ആറുവർഷം താമസിച്ചാൽ പൗരത്വം ഉറപ്പു നൽകുന്നതാണ് ബിൽ. നിലവിൽ പൗരത്വം ലഭിക്കാൻ 12 വർഷം താമസിക്കണം. ബിൽ ഭരണഘടനാ വിരുദ്ധമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. എന്നാൽ ആരോപണങ്ങൾ തള്ളിയ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് രാജ്യത്തിന് വെളിയിലുള്ള ഇന്ത്യക്കാർക്ക് പ്രയോജനപ്പെടുമെന്നും പറഞ്ഞു. ബില്ല് ജാതി-മത തുല്ല്യത ഉറപ്പു നൽകുന്ന ഭരണഘടനയുടെ 14-ാം വകുപ്പിന്റെ ലംഘനമാണെന്ന് മുസ്ളീം ലീഗ് എം.പി പി.കെ. കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.