ന്യൂഡൽഹി: പത്തു ശതമാനം സാമ്പത്തിക സംവരണം ഏർപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഭരണഘടനാ ഭേദഗതി (124) ബിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ലോക്‌സഭ പാസാക്കി. അഞ്ചു മണിക്കൂറോളം നീണ്ട ചർച്ചയ്‌ക്കുശേഷം ഇന്നലെ രാത്രി പത്തു മണിയോടെ നടന്ന വോട്ടെടുപ്പിൽ മൂന്നു പേർ ബില്ലിനെ എതിർത്തപ്പോൾ 323 അംഗങ്ങൾ പിന്തുണച്ചു. ബിൽ ഇന്ന് രാജ്യസഭയിൽ അവതരിപ്പിക്കും. വ്യവസ്ഥകളിൽ എതിർപ്പു പ്രകടിപ്പിച്ചെങ്കിലും കോൺഗ്രസും സി.പി.എമ്മും അടക്കം പ്രതിപക്ഷ കക്ഷികളുടെ പിന്തുണയോടെയാണ് ബിൽ പാസായത്. എ.ഐ.എ.ഡി.എം.കെ വോട്ടെടുപ്പ് ബഹിഷ്കരിച്ചു.
ഉച്ചയോടെ നാടകീയമായി സപ്ളിമെന്ററി ലിസ്‌റ്റിൽ ഉൾക്കൊള്ളിച്ചാണ് സാമൂഹ്യക്ഷേമ നീതി മന്ത്രി തൻവർചന്ദ് ഗെലോട്ട് ബിൽ അവതരിപ്പിച്ചത്. സഭയുടെ പരിഗണനയിലുള്ള പ്രധാന ബില്ലുകൾ പരിഗണിച്ചശേഷം വൈകിട്ട് അഞ്ചു മണിക്ക് ബിൽ ചർച്ചയ്‌ക്കെടുത്തു. ഭരണഘടനാ ഭേദഗതി ബില്ലിന്റെ പകർപ്പ് അംഗങ്ങൾക്ക് വിതരണം ചെയ്യണമെന്ന ചട്ടം പാലിച്ചില്ലെന്ന് കോൺഗ്രസ് അംഗം ശശി തരൂർ പറഞ്ഞു. ധൃതി പിടിച്ച് ബിൽ കൊണ്ടുവന്നതിനെ പ്രതിപക്ഷം ഒന്നടങ്കം അപലപിച്ചു.
ബി.ജെ.പിയും കോൺഗ്രസും സഭയിൽ ഹാജരാകാൻ അംഗങ്ങൾക്ക് വിപ്പ് നൽകിയിരുന്നു. കോൺഗ്രസ്, ബി.ജെ.ഡി, സി.പി.എം, ടി.ആർ.എസ്, തൃണമൂൽ, ശിവസേന തുടങ്ങിയ കക്ഷികൾ ബില്ലിനെ പിന്തുണച്ച് സംസാരിച്ചു. സാമ്പത്തിക സംവരണത്തെ എതിർക്കുന്നില്ലെന്ന് കോൺഗ്രസ് അംഗങ്ങൾ വ്യക്തമാക്കി. എന്നാൽ സംവരണത്തിനുള്ള യോഗ്യത നിശ്‌ചയിച്ചതിൽ ഏറെ ആശയക്കുഴപ്പമുണ്ടെന്നും ബിൽ സ്‌റ്റാൻഡിംഗ് കമ്മിറ്റിക്ക് വിടണമെന്നും കോൺഗ്രസ് എം.പി കെ.വി. തോമസ് പറഞ്ഞു. 65,000 രൂപ മാസ വരുമാനമുള്ളവർ, അഞ്ച് ഏക്കർ സ്ഥലമുള്ളവർ, ആയിരം ചതുരശ്ര അടി വിസ്‌തൃതിയിൽ വീടുള്ളവർ തുടങ്ങിയ വിഭാഗങ്ങൾക്ക് സംവരണം ലഭിക്കുന്നത് തെറ്റായ സന്ദേശം നൽകുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സി.പി.എം അടക്കമുള്ള പാർട്ടികളും ഇതേ ആശങ്കകളാണ് ഉയർത്തിയത്. അതേസമയം, ബിൽ തിരഞ്ഞെടുപ്പിൽ സർക്കാരിന് പ്രയോജനപ്പെട്ടേക്കാമെങ്കിലും കോടതിയിൽ ചോദ്യം ചെയ്യപ്പെടുമെന്ന് ചൂണ്ടിക്കാട്ടിയ എ.ഐ.എ.ഡി.എം.കെ പുന:പരിശോധന ആവശ്യപ്പെട്ടു.
ശീതകാല സമ്മേളനം പൂർത്തിയാക്കി ഇരുസഭകളും ഇന്നലെ പിരിയേണ്ടതായിരുന്നു. ബിൽ പരിഗണിക്കുന്നതിന് വേണ്ടിയാണ് രാജ്യസഭ ഇന്നുകൂടി സമ്മേളിക്കുന്നത്.