ന്യൂഡൽഹി:എംപ്ളോയീസ് പ്രൊവിഡന്റ് ഫണ്ട് പെൻഷൻ 1000 രൂപയിൽ നിന്ന് 2000 രൂപയായി വർദ്ധിപ്പിക്കാനും, അവസാനത്തെ 60 മാസത്തെ ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ പെൻഷൻ കണക്കാക്കാനുള്ള തീരുമാനം പുനഃപരിശോധിക്കാനും ഇ.പി.എഫ് പെൻഷൻ പദ്ധതി
പരിഷ്‌കരണത്തിനുള്ള ഉന്നതാധികാര സമിതി തൊഴിൽ മന്ത്രാലയത്തിന് ശുപാർശ സമർപ്പിച്ചതായി സൂചന. ഇതിൽ തൊഴിൽ മന്ത്രാലയമാണ് അന്തിമ തീരുമാനമെടുക്കേണ്ടത്.
ലോക്‌സഭയിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പിയുടെ സ്വകാര്യ പ്രമേയത്തെ തുടർന്ന് 2018 ജനുവരി നാലിനാണ് തൊഴിൽ മന്ത്രാലയം അഡിഷണൽ ലേബർ സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ ഉന്നതാധികാര സമിതി രൂപീകരിച്ചത്.
പെൻഷൻ കമ്മ്യൂട്ട് ചെയ്‌തവരുടെ ആശങ്കകൾ പരിഹരിക്കാനുള്ള നിർദ്ദേശവും സമിതി നൽകിയെന്ന് സൂചന ലഭിച്ചതായും എൻ.കെ. പ്രേമചന്ദ്രൻ അറിയിച്ചു. പെൻഷൻ കമ്മ്യൂട്ട് ചെയ്‌ത തൊഴിലാളികളിൽ നിന്ന് മരണം വരെ ആ തുക പിടിക്കുന്നത് നിറുത്തലാക്കണമെന്ന് സമിതിയുമായുള്ള ചർച്ചയിൽ പ്രേമചന്ദ്രൻ ആവശ്യപ്പെട്ടിരുന്നു. കമ്മ്യൂട്ട് ചെയ്‌ത തുക പൂർണമായി പിടിച്ച ശേഷം പൂർണ പെൻഷൻ പുനഃസ്ഥാപിക്കാനാണ് സമിതി ശുപാർശ ചെയ്തതെന്ന് അറിയുന്നു. അവസാന 60 മാസത്തെ ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ പെൻഷൻ കണക്കാക്കുന്നതിന് പകരം, കേരള ഹൈക്കോടതി വിധി പ്രകാരം 12 മാസ ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ പെൻഷൻ കണക്കാക്കിയിരുന്ന മുൻ രീതി പുനഃസ്ഥാപിക്കാനാണ് ശുപാർശ ചെയ്‌തത്. തൊഴിലാളിയുടെയും തൊഴിലുടമയുടെയും വിഹിതം വർദ്ധിപ്പിക്കാനുള്ളതാണ് മറ്റൊരു ശുപാർശ.
പെൻഷൻകാരുടെ ദീർഘകാല ആവശ്യങ്ങൾ അംഗീകരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു.