ന്യൂഡൽഹി: ശബരിമലയിലെ യുവതി പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് കേരളത്തിൽ ക്രമസമാധാനം തകർന്നുവെന്നും അയ്യപ്പ വിശ്വാസികളെ ഇടതുസർക്കാർ വേട്ടയാടുകയാണെന്നും ബി.ജെ.പി പ്രതിനിധി സംഘം രാഷ്‌ട്രപതി ഭവനിൽ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിനെ കണ്ട് ധരിപ്പിച്ചു. ദേശീയ അദ്ധ്യക്ഷൻ അമിത് ഷായുടെ നിർദ്ദേശ പ്രകാരം ശബരിമല വിഷയവുമായി ബന്ധപ്പെട്ട് കേരളത്തിൽ സന്ദർശനം നടത്തിയ ദേശീയ ജനറൽ സെക്രട്ടറി സരോജ് പാണ്ഡെയുടെ നേതൃത്വത്തിൽ എം.പിമാരായ വി. മുരളീധരൻ, പ്രൊഫ. റിച്ചാർഡ് ഹെ, സുരേഷ് ഗോപി, നളിൻ കുമാർ കാട്ടീൽ, വിനോദ് സോംകാർ, പ്രഹ്ലാദ് ജോഷി, ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ. പി.എസ്. ശ്രീധരൻ പിള്ള എന്നിവരാണ് സംസ്ഥാനത്തെ സാഹചര്യങ്ങൾ വിവരിച്ചത്.
യുവതീ പ്രവേശന വിധിക്ക് ശേഷം സംസ്ഥാനത്തുണ്ടായ സംഭവ വികാസങ്ങൾ രാഷ്ട്രപതിയെ ധരിപ്പിച്ചതായി സരോജ് പാണ്ഡെ പറഞ്ഞു. അയ്യപ്പ ഭക്തൻ മരിച്ച സംഭവത്തിൽ മുഖ്യമന്ത്രി തന്നെ നുണ പറഞ്ഞത് നിയമവാഴ്‌ചയുടെ മരണമണിയാണെന്ന് ശ്രീധരൻ പിള്ള പറഞ്ഞു. രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് ആവശ്യമുയർന്നെങ്കിലും പാർട്ടി തീരുമാനമെടുത്തിട്ടില്ല. പുനഃപരിശോധനാ ഹർജികൾ തള്ളിയാലും സുപ്രീംകോടതിയെ വീണ്ടും സമീപിക്കാൻ അവസരമുണ്ട്. അവിടെയും പരിഹാരമുണ്ടായില്ലെങ്കിൽ ഒാർഡിനൻസ് അടക്കുള്ള കാര്യങ്ങളിൽ കേന്ദ്ര സർക്കാർ തലത്തിൽ ചർച്ച ചെയ്‌ത് തീരുമാനമെടുക്കുമെന്നും ശ്രീധരൻ പിള്ള പറഞ്ഞു.