ന്യൂഡൽഹി:കോൺഗ്രസിന്റെ സമുന്നത നേതാവും പ്രവർത്തക സമിതി അംഗവുമായ എ.കെ.ആന്റണിയുടെ മകൻ അനിൽ ആന്റണിയെ കെ.പി.സി.സി ഡിജിറ്റൽ മീഡിയ സെല്ലിന്റെ സംസ്ഥാന കൺവീനറായി നിയമിച്ചു. കോൺഗ്രസ് പ്രചാരണങ്ങളിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും അനിലിന് പാർട്ടി പദവി ലഭിക്കുന്നത് ആദ്യമാണ്. ഡാറ്റാ അനലിറ്റിക് വിദഗ്ദ്ധനായ അനിലിനെ ഡിജിറ്റൽ മീഡിയാ സെൽ അദ്ധ്യക്ഷൻ ശശി തരൂരാണ് നിർദ്ദേശിച്ചത്.

അനിൽ ആന്റണി മുതിർന്ന നേതാവ് അഹമ്മദ് പട്ടേലിന്റെ മകൻ ഫൈസൽ പട്ടേലുമായി ചേർന്ന് തയ്യാറാക്കിയ കണക്കുകൾ ഗുജറാത്ത് തിരഞ്ഞെടുപ്പ് വേളയിൽ കോൺഗ്രസിന് പ്രയോജനപ്പെട്ടിരുന്നു. യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ അടക്കം ഉപയോഗിക്കുന്ന ഡാറ്റാ അനാലിസിസ് രീതി അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളിലും പാർട്ടിക്ക് പ്രയോജനപ്പെട്ടു. കേരളത്തിലെ പ്രളയ സമയത്ത് കുടിവെള്ളം, ഭക്ഷണം, മരുന്ന് തുടങ്ങിയവ ശേഖരിക്കാൻ അനിൽ ആന്റണി നടത്തിയ പ്രവർത്തനവും ശ്രദ്ധേയമായിരുന്നു. ഫൈസലിനൊപ്പം സമൂഹമാദ്ധ്യമങ്ങളിൽ നടത്തിയ പ്രചരണം ഏറെ പ്രതികരണമുണ്ടാക്കി.

സമൂഹമാദ്ധ്യമങ്ങളിൽ നിയന്ത്രണം

പാർട്ടി പ്രവർത്തകരും നേതാക്കളും സമൂഹമാദ്ധ്യമങ്ങളെ ദുരുപയോഗം ചെയ്യുന്നത് തടയാൻ നടപടിയെടുക്കുമെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു. പാർട്ടിയിൽ അച്ചടക്കമില്ലായ്മ അനുവദിക്കില്ല. പരസ്പരം കലഹിക്കുന്നതും പുകഴ്‌ത്തുന്നതും നിയന്ത്രിക്കുമെന്നും അദ്ദേഹം പറഞ്ഞു.