ന്യൂഡൽഹി: കൊല്ലം ബൈപാസ് ഉദ്‌ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ താനാണ് ക്ഷണിച്ചതെന്ന വാർത്തയിൽ കഴമ്പില്ലെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. ബി.ജെ.പി നേതൃത്വമാണ് പ്രധാനമന്ത്രിയെ ക്ഷണിച്ചത്. പ്രധാനമന്ത്രി പങ്കെടുക്കുന്ന കാര്യം അദ്ദേഹത്തിന്റെ ഒാഫീസിൽ നിന്ന് തന്നെ അറിയിക്കുകയായിരുന്നു. 2017 നവംബറിൽ പൂർത്തിയാക്കേണ്ടിയിരുന്ന ബൈപാസ് ആര് ഉദ്‌ഘാടനം ചെയ്‌താലും തനിക്ക് കുഴപ്പമില്ല. കൊല്ലത്തു നിന്നുള്ള മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ ഉദ്‌ഘാടനം ചെയ്‌താലും പരാതിയില്ല. 50:50 കേന്ദ്ര-സംസ്ഥാന സർക്കാർ പങ്കാളിത്തത്തോടെ നിർമ്മിച്ച ആദ്യ ദേശീയ പാതയുടെ നിർമ്മാണം വൈകിയതിൽ മാത്രമാണ് നിരാശ. വർഷങ്ങൾക്ക് മുൻപ് പൂർത്തിയായ രണ്ടാം ഘട്ട പാതയിൽ പോലും തെരുവു വിളക്കുകൾ സ്ഥാപിക്കുന്നത് ഇപ്പോഴാണ്. ജനകീയ ഉദ്‌ഘാടനത്തിന് നീക്കം നടക്കുന്നതിനിടെയാണ് പ്രധാനമന്ത്രി വരുന്നതെന്നും പ്രേമചന്ദ്രൻ പറഞ്ഞു.
പ്രധാനമന്ത്രിയെ ക്ഷണിച്ചത് പ്രേമചന്ദ്രനല്ലെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞു. എന്നാൽ നിതിൻ ഗഡ്‌കരിയെ വിളിച്ച് ഉദ്‌ഘാടനം നടത്താൻ പ്രേമചന്ദ്രൻ ശ്രമിച്ചിരുന്നത് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.