ന്യൂഡൽഹി:പത്തുശതമാനം സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള 124-ാം ഭരണഘടനാ ഭേദഗതി പാർലമെന്റിന്റെ അനുമതിക്ക് ശേഷം രാഷ്‌ട്രപതി ഒപ്പുവയ്‌ക്കുന്നതോടെ നിയമമാകും.
ഭരണഘടനാ ഭേദഗതി ബില്ലുകൾ നിയമമാകാൻ പാർലമെന്റിൽ പാസാക്കുന്നതിനൊപ്പം പകുതി സംസ്ഥാന നിയമസഭകളുടെ അനുമതിയും വേണമെന്ന് ഭരണഘടനയുടെ 368-ാം വകുപ്പ് സ്ഥാപിക്കുന്നുണ്ട്. എന്നാൽ ഭരണഘടനയുടെ 13-ാം വകുപ്പിലെ മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട ഭേദഗതിക്ക് ഇത് ആവശ്യമില്ലെന്ന് 368 (3) ഉപവകുപ്പ് വ്യക്തമാക്കുന്നു.
ഭേദഗതി നിയമമാകാൻ കാലതാമസമുണ്ടാകുമെന്ന കോൺഗ്രസ് എം.പി പ്രൊഫ.കെ.വി. തോമസിന്റെ പ്രസംഗത്തിന് കേന്ദ്ര ധനമന്ത്രിയും പ്രമുഖ അഭിഭാഷകനുമായ അരുൺ ജയ്‌റ്റ്ലി നൽകിയ മറുപടിയിൽ ഇക്കാര്യം വിശദീകരിച്ചിരുന്നു. മുൻപ് ആർട്ടിക്കിൾ 15(5) ഭേദഗതി ചെയ്‌ത ബില്ലിന് പാർലമെന്റിന്റെ അനുമതി മാത്രമാണ് തേടിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജാതി,മതം, ലിംഗം, ജനന സ്ഥലം തുടങ്ങിയ വിവേചനങ്ങൾക്കെതിരായ ആർട്ടിക്കിൾ 15ലെ നാലാം ഉപവിഭാഗമായാണ് സാമൂഹ്യ, വിദ്യാഭ്യാസ പിന്നാക്കാവസ്ഥ ഇല്ലാതാക്കാൻ സംരവണം നിർദ്ദേശിക്കുന്നത്. അഞ്ചാം ഉപവിഭാഗമായി സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം നൽകാനുള്ള വ്യവസ്ഥയാണ് പുതിയതായി വരിക.