ന്യൂഡൽഹി: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് സർക്കാർ ജോലികളിലും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും പത്തു ശതമാനം സംവരണം ഏർപ്പെടുത്താനുള്ള 124-ാം ഭരണഘടനാ ഭേദഗതി ബില്ല് രാജ്യസഭയും മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിൽ പാസാക്കി. പത്തു മണിക്കൂർ നീണ്ട മാരത്തൺ ചർച്ചയ്‌ക്കൊടുവിൽ ഏഴിനെതിരെ 165 വോട്ടുകൾക്കാണ് നരേന്ദ്ര മോദി സർക്കാരിന്റെ തൊപ്പിയിൽ സുവർണ തൂവലായി മാറുന്ന ചരിത്ര ഭേദഗതി പാസായത്. ലോക്‌സഭയിലേതുപോലെ കോൺഗ്രസ്, സി.പി.എം അടക്കമുള്ള പ്രതിപക്ഷപാർട്ടികൾ പിന്തുണച്ചു. മുസ്ളീംലീഗും ഡി.എം.കെയും ആം ആദ്മി പാർട്ടിയും എതിർത്തു. ചൊവ്വാഴ്‌ച ലോക്‌സഭയിൽ പാസായ ബിൽ ഇനി രാഷ്‌ട്രപതി ഒപ്പിടുന്നതോടെ നിയമമാകും. ബിൽ പാസാക്കിയതോടെ ശീതകാല സമ്മേളനത്തിനും കൊടിയിറങ്ങി.
ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷ പ്രമേയവും സ്വകാര്യ സ്ഥാപനങ്ങളിലെ സംവരണത്തെ എതിർത്ത സി.പി.എമ്മിന്റെ അടക്കം ഭേദഗതികളും വോട്ടിനിട്ട് തള്ളി. ധൃതിയിൽ ബിൽ കൊണ്ടുവന്നതിനെ അപലപിച്ച കോൺഗ്രസും സി.പി.എമ്മും അടക്കമുള്ള പാർട്ടികൾ സാമ്പത്തിക പിന്നാക്കാവസ്ഥ നിർണയിക്കുന്നതിലെ അവ്യക്തത ചൂണ്ടിക്കാട്ടി. പിന്നാക്ക സമുദായങ്ങൾക്കുള്ള സംവരണം 50ൽ നിന്ന് 54 ശതമാനമാക്കണമെന്ന് സമാജ്‌വാദി അംഗം രാംഗോപാൽ യാദവ് ആവശ്യപ്പെട്ടു. സെക്രട്ടറി അടക്കം വിവിധ സർക്കാർ തസ്‌തികകളിൽ പട്ടികജാതി, പട്ടിക വർഗ, ഒ.ബി.സി പ്രാതിനിദ്ധ്യം നടപ്പായിട്ടില്ലെന്നുംഅദ്ദേഹം പറഞ്ഞു.
അദ്ധ്യക്ഷൻ വെങ്കയ്യ നായിഡുവിന്റെ അഭാവത്തിൽ ഉപാദ്ധ്യക്ഷൻ ഹരിവംശ് നാരായൺ സിംഗാണ് സഭ നിയന്ത്രിച്ചത്.ഭരണഘടനാ ഭേദഗതി പാസാക്കാൻ സഭ ഒരു ദിവസം നീട്ടാൻ സർക്കാർ ഏകപക്ഷീയമായി തീരുമാനിച്ചെന്ന് ആരോപിച്ച് പ്രതിപക്ഷം പാർലമെന്റിന് വെളിയിലും പ്രതിഷേധിച്ചു.
മന്ത്രിയുടെ അപേക്ഷയിൽ പെട്ടെന്ന് ബില്ലുകൾ അവതരിപ്പിക്കാൻ അനുമതി നൽകുന്ന ചട്ടം 123 ഉപയോഗിച്ചാണ് ഉപാദ്ധ്യക്ഷൻ ഭരണഘടനാ ഭേദഗതി ചർച്ചയ്‌ക്ക് അനുമതി നൽകിയത്. ലോക്‌സഭ പാസാക്കിയ ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ഡി.എം.കെ അംഗം കനിമൊഴി അടക്കം ആറ് അംഗങ്ങളാണ് പ്രമേയം കൊണ്ടുവന്നത്. ബിൽ നിലവിലെ രൂപത്തിൽ നിയമ പ്രശ്‌നങ്ങൾ നേരിടേണ്ടി വരുമെന്ന് പ്രതിപക്ഷാംഗങ്ങൾ ചൂണ്ടിക്കാട്ടി.
ബഹളത്തിൽ നിറുത്തിയ സഭ രണ്ടുമണിക്ക് വീണ്ടും ചേർന്ന് ചർച്ച പുനരാരംഭിച്ചെങ്കിലും പ്രതിപക്ഷം ബഹളം തുടർന്നു. ബിൽ സമ്പൂർണമല്ലെന്നും ധൃതിപടിച്ച് പാസാക്കുന്നതിന് അദ്ധ്യക്ഷൻ രേഖാമൂലം വിശദീകരണം നൽകണമെന്നും ക്രമപ്രശ്‌നം ഉന്നയിച്ച് കോൺഗ്രസ് ആവശ്യപ്പെട്ടു.
വ്യവസ്ഥകളിൽ ആശങ്കകൾ ചൂണ്ടിക്കാട്ടിയെങ്കിലും മന്ത്രി രാംവിലാസ് പാസ്വാൻ രാജ്യസഭയിലും ബില്ലിനെ പിന്തുണച്ചു. പിന്നാക്ക സമുദായാംഗമായ രാമദാസ് അത്താവ്‌ലെ സർക്കാരിനെ പിന്തുണച്ചും പ്രതിപക്ഷത്തെ കളിയാക്കിയുമുള്ള കവിത അവതരിപ്പിച്ചത് അംഗങ്ങൾ ആസ്വദിച്ചു. അഞ്ചുമണിക്കൂർ നിശ്‌ചയിച്ച് ഉച്ചയ്‌ക്ക് 12മണിക്ക് തുടങ്ങിയ ചർച്ച രാത്രി വൈകിയും നീണ്ടു.
മണ്ഡൽ കമ്മിഷന്റെ ഭാഗമായി പത്തു ശതമാനം സാമ്പത്തിക സംവരണം ഏർപ്പെടുത്തിയത് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീംകോടതി കണ്ടെത്തിയ സാഹചര്യത്തിൽ ഇപ്പോഴത്തെ ഭരണഘടനാഭേദഗതിക്ക് ന്യായീകരണമില്ലെന്ന് കോൺഗ്രസ് എംപി കപിൽ സിബൽ പറഞ്ഞു