cess

ന്യൂഡൽഹി: പ്രളയാനന്തര പുനർനിർമ്മാണങ്ങൾക്ക് തുക സമാഹരിക്കാൻ കേരളത്തിൽ വിറ്റഴിക്കുന്ന ഉത്പന്നങ്ങൾക്ക് ഒരു ശതമാനം സെസ് ചുമത്താൻ ജി.എസ്.ടി കൗൺസിൽ യോഗത്തിന്റെ അനുമതി. രണ്ടു വർഷത്തേക്ക് സെസ് പിരിക്കാനാണ് ഇന്നലെ ചേ‌ർന്ന കൗൺസിൽ യോഗം അനുമതി നൽകിയത്.

ഈ രണ്ടു വർഷവും 500 കോടി രൂപയുടെ അധിക വരുമാനമാണ് സംസ്ഥാന സ‌ർക്കാർ പ്രതീക്ഷിക്കുന്നത്. പ്രളയ സെസ് ചുമത്തുന്ന ഉത്പന്നങ്ങൾ അടുത്ത സംസ്ഥാന ബഡ്‌ജറ്റിൽ പ്രഖ്യാപിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ജി.എസ്.ടിയിൽ രജിസ്റ്റർ ചെയ്യാനുള്ള വാർഷിക വിറ്റുവരവ് പരിധി 20 ലക്ഷത്തിൽ നിന്ന് 40 ലക്ഷമാക്കി. ഇക്കാര്യത്തിൽ സംസ്ഥാനങ്ങൾക്ക് അന്തിമ തീരുമാനമെടുക്കാം. ലക്ഷക്കണക്കിന് ചെറുകിട- ഇടത്തരം വ്യവസായികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. സംസ്ഥാന ലോട്ടറി നികുതി നിരക്ക് 28 ശതമാനമായി വർധിപ്പിക്കാനുള്ള നീക്കം, കേരളം ഉൾപ്പെടെ 10 സംസ്ഥാനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് ഉപസമിതിക്ക് വിട്ടു.

കേരളത്തിൽ ബില്ലു ചെയ്യുന്ന ഉൽപന്നങ്ങൾക്കു മാത്രമാണ് പ്രളയ സെസ് ബാധകമാകുക. അന്തർ സംസ്ഥാന വ്യാപാരത്തിന് സെസ് ചുമത്താനാകില്ല. പുനർനിർമ്മാണത്തിന് ജി.എസ്‌.ടിയിൽ നിന്ന് പ്രത്യേക ഫണ്ട്‌ കണ്ടെത്താൻ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം പഠിച്ച ശേഷം ജി.എസ്.ടി ഉപസമിതി നൽകിയ ശുപാർശ കൗൺസിൽ യോഗം അംഗീകരിക്കുകയായിരുന്നു.

ആദ്യമായാണ് ജി.എസ്.ടിയിൽ സെസ് പിരിക്കാൻ ഒരു സംസ്ഥാനത്തിന് അധികാരം ലഭിക്കുന്നത്. പ്രകൃതിക്ഷോഭം ഉണ്ടാകുന്ന സംസ്ഥാനങ്ങൾക്ക് ഭാവിയിൽ ഇത് കീഴ്‌വഴക്കമാകും. പുനർനിർമാണത്തിനായി വിദേശവായ്പാ പരിധി നിശ്ചയിക്കാൻ കേന്ദ്രത്തോട് ശുപാർശ ചെയ്യണമെന്ന കേരളത്തിന്റെ ആവശ്യവും അംഗീകരിച്ചു.


 1.5 കോടിക്കു വരെ വാർഷിക റിട്ടേൺ

ഒന്നര കോടി രൂപവരെ വിറ്റുവരവുള്ള സംരംഭങ്ങളുടെ നികുതി റിട്ടേൺ ഇനി വ‌ർഷത്തിൽ ഒരിക്കൽ സമർപ്പിച്ചാൽ മതി. 50 ലക്ഷം വരെ വിറ്റുവരവുള്ള സേവന ദാതാക്കളുടെ അനുമാന നികുതി 6 ശതമാനമാക്കി കുറച്ചിട്ടുണ്ട്. ഹോട്ടൽ മേഖലയിൽ ഏർപ്പെടുത്തിയതിനു സമാനമാണ് ഇത്. ഫലത്തിൽ സേവനദാതാക്കളുടെ നികുതി 18 ശതമാനത്തിൽ നിന്ന് ആറു ശതമാനമായി കുറയും. റിയൽ എസ്റ്റേറ്റ്, പാ‌ർപ്പിട നിർമ്മാണ രംഗങ്ങളിലെ നികുതി അഞ്ചു ശതമാനം മതിയോ, ഇതിൽ ഭൂമിയടക്കം വേണോ എന്നതിലെ നിയമസാധുത പരിശോധിക്കാൻ മന്ത്രിതല സമിതി രൂപീകരിക്കും.