കേസ് ജനുവരി 29 ലേക്ക് മാറ്റി
ന്യൂഡൽഹി: അയോധ്യാ ഭൂമിതർക്ക കേസ് പരിഗണിക്കാൻ രൂപീകരിച്ച അഞ്ചംഗ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിൽ നിന്ന് ജസ്‌റ്റിസ് യു.യു. ലളിത് പിന്മാറി. അഭിഭാഷകനായിരിക്കെ അയോധ്യാ തർക്കവുമായി ബന്ധപ്പെട്ട കേസിൽ ഹാജരായെന്ന പരാതിയെ തുടർന്ന് ജസ്‌റ്റിസ് ലളിത് പിൻമാറുകയായിരുന്നു. ബെഞ്ച് പുന:സംഘടിപ്പിച്ച് ജനുവരി 29ന് വീണ്ടും പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അറിയിച്ചതോടെ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുൻപ് കേസ് തീർപ്പാകാൻ സാദ്ധ്യത മങ്ങി.
അയോധ്യ തിരഞ്ഞെടുപ്പു വിഷയമാക്കാൻ കേന്ദ്ര സർക്കാരും സംഘപരിവാർ സംഘടനകളും തയ്യാറെടുക്കുന്ന സാഹചര്യത്തിൽ കേസ് നീട്ടിയതിനെച്ചൊല്ലി വരുംദിവസങ്ങളിൽ രാഷ്‌ട്രീയപ്പോരിന് സാദ്ധ്യതയുണ്ട്. തുടർച്ചയായ ദിവസങ്ങളിൽ വാദം കേട്ട് പെട്ടെന്ന് വിധി പുറപ്പെടുവിക്കണമെന്ന് വിവിധ സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. കേസ് നീട്ടിയ സാഹചര്യത്തിൽ കേന്ദ്രം ഒാർഡിനൻസു വഴി തേടണമെന്ന വാദത്തിനും ശക്തിയേറും. എന്നാൽ കോടതി വിധിക്കു മുൻപ് ഒാർഡിനൻസ് പരിഗണിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിട്ടുണ്ട്.
ഇന്നലെ ഒന്നാം നമ്പർ കോടതിയിൽ കേസ് പരിഗണിച്ചപ്പോൾ സുന്നി വഖഫ‌് ബോർഡിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാജീവ‌് ധവാനാണ്, 1997ൽ അയോധ്യയുമായി ബന്ധപ്പെട്ട കോടതി അലക്ഷ്യ കേസിൽ യു.പി മൻമുഖ്യമന്ത്രി കല്യാൺസിംഗിനു വേണ്ടി ജസ്‌റ്റിസ് യു.യു. ലളിത് ഹാജരായ കാര്യം ഉന്നയിച്ചത്. തുടർന്ന് അഞ്ചംഗ ബെഞ്ച് കൂടിയാലോചിച്ച്, ജസ്റ്റിസ് ലളിത് പിന്മാറുന്ന കാര്യം അറിയിക്കുകയായിരുന്നു. 29ന‌് കേസ‌് വീണ്ടും പരിഗണിക്കുമ്പോൾ വാദം കേൾക്കലുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ കോടതി തീരുമാനിക്കും.
ചീഫ് ജസ്‌റ്റിസിനും യു.യു. ലളിതിനും പുറമേ, ജസ്‌റ്റിസുമാരായ എസ്.എ. ബോബ്ഡെ, എൻ.വി.രമണ, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരാണ് ഭരണഘടനാ ബെഞ്ചിലെ അംഗങ്ങൾ. അതേസമയം 29ന് കേസ് പരിഗണിക്കുന്നതിനു മുമ്പ്, മുദ്രവെച്ച 50 ട്രങ്കുപെട്ടികളിൽ സമർപ്പിക്കപ്പെട്ട രേഖകൾ പരിശോധിക്കാൻ ചീഫ‌്ജസ‌്റ്റിസ‌് സുപ്രീംകോടതി രജിസ‌്ട്രിക്ക‌് നിർദേശം നൽകി. 2,886 പേജുള്ള സാക്ഷിമൊഴി, 257 മറ്റു രേഖകൾ, 4,304 പേജുള്ള ഹൈക്കോടതി ഉത്തരവു പകർപ്പ്, അത്ര തന്നെ അനുബന്ധങ്ങളും അടക്കമുള്ള വിവരങ്ങളാണ് ഇവ. തർക്ക ഭൂമിയായ 2.77 ഏക്കർ സ്ഥലം മൂന്നായി വിഭജിച്ച അലഹബാദ‌് ഹൈക്കോടതിയുടെ 2010ലെ ഉത്തരവിന‌് എതിരായ 14 അപ്പീലുകളാണ‌് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത‌്.