ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപുള്ള ബി.ജെ.പിയുടെ നിർണായക ദേശീയ കൗൺസിൽ യോഗം ഇന്ന് ഡൽഹി രാംലീലാ മൈതാനത്ത് ചേരും. ഇന്ന് ഉച്ചയ്‌ക്കു ചേരുന്ന പൊതുസമ്മേളനത്തിൽ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ കൗൺസിൽ ഉദ്‌ഘാടനം ചെയ്യും. നാളെ ഉച്ചയ്ക്ക് രണ്ടരയ്‌ക്ക് ചേരുന്ന സമാപന സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിക്കും.
ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, കേന്ദ്രമന്ത്രിമാർ, എം.പിമാർ തുടങ്ങിയർ യോഗത്തിൽ പങ്കെടുക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ചർച്ച ചെയ്യുന്ന രണ്ടു ദിവസത്തെ യോഗം നേതാക്കളും പ്രവർത്തകരും അടക്കം 12,000ത്തോളം പേരെ പങ്കെടുപ്പിച്ച് വൻ വിജയമാക്കാനാണ് ശ്രമം.
തിരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട തന്ത്രങ്ങളും മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ ഭരണം കൈവിട്ടതും കൗൺസിൽ വിശദമായി ചർച്ച ചെയ്യും. ബി.ജെ.പി ദേശീയ തലത്തിൽ ഉന്നയിക്കാൻ തീരുമാനിച്ച ശബരിമലയിലെ യുവതി പ്രവേശനമാണ് കൗൺസിലിന്റെ മറ്റൊരു പ്രധാന വിഷയം. കേരളത്തിലെ എൽ.ഡി.എഫ് സർക്കാരിനെതിരെയുള്ള പരാമർശവും പ്രമേയത്തിൽ ഇടം പിടിച്ചേക്കും. അയോദ്ധ്യാ കേസ് 29ലേക്ക് മാറ്റിയ സുപ്രീംകോടതി തീരുമാനവും വിമർശന വിധേയമാകാൻ സാദ്ധ്യതയുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടു ദിവസവും രാംലീലാ മൈതാനിയിലെ യോഗ സ്ഥലത്ത് ക്യാമ്പു ചെയ്യുന്നതിനാൽ പ്രധാനമന്ത്രിയുടെ ഒാഫീസും താത്‌ക്കാലികമായി ഇവിടെ പ്രവർത്തിക്കും.
കേരളത്തിൽ നിന്ന് സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ളയുടെ നേതൃത്വത്തിൽ 150ഒാളം പ്രതിനിധികളാണ് കേരളത്തിൽ നിന്ന് യോഗത്തിൽ പങ്കെടുക്കുന്നത്. കോർ കമ്മിറ്റി നേതാക്കളെല്ലാം പങ്കെടുക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ സ്വീകരിക്കേണ്ട തന്ത്രങ്ങളും യോഗം ചർച്ച ചെയ്യുമെന്ന് ശ്രീധരൻ പിള്ള പറഞ്ഞു. ഏറ്രവും ഒടുവിൽ കോഴിക്കോടാണ് ദേശീയ കൗൺസിൽ ചേർന്നത്.