nda

ന്യൂഡൽഹി: അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ 20 സീറ്റിലും ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ മത്സരിക്കും. ബി.ഡി.ജെ.എസിന് മികച്ച പ്രാതിനിദ്ധ്യം ലഭിക്കുമെന്നും സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ളപറഞ്ഞു. സീറ്റുകളുടെ കാര്യത്തിൽ ഏകദേശ ധാരണയായി. ഡൽഹിയിൽ ദേശീയ നേതൃത്വവുമായി കേരളത്തിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും സീറ്റ് ധാരണകളും അടക്കം ചർച്ച ചെയ്‌ത് അന്തിമ രൂപം നൽകുമെന്നും അദ്ദേഹം അറിയിച്ചു. തൃശൂർ, വയനാട്, ആലപ്പുഴ, കൊല്ലം, ഇടുക്കി, ആറ്റിങ്ങൽ എന്നിവ അടക്കം എട്ടു സീറ്റുകളാണ് ബി.ഡി.ജെ.എസ് ആവശ്യപ്പെട്ടത്.

പത്തു ശതമാനം സാമ്പത്തിക സംവരണം ഏർപ്പെടുത്തിയ കേന്ദ്രസർക്കാർ തീരുമാനം ജനസംഘകാലം മുതൽ ബി.ജെ.പി ആഗ്രഹിക്കുന്നതാണെന്ന് ശ്രീധരൻ പിള്ള പറഞ്ഞു. പട്ടികജാതി, പട്ടിവർഗത്തിനും ഒ.ബി.സിക്കും പുറമെ മുന്നാക്ക വിഭാഗത്തിലെ പിന്നാക്കക്കാർക്കും സംവരണം വേണമെന്നായിരുന്നു പാർട്ടിയുടെ നിലപാട്. സാമ്പത്തിക സംവരണം നടപ്പാക്കുന്നതിൽ മറ്റു സർക്കാരുകൾ പരാജയപ്പെട്ടിടത്താണ് മോദി സർക്കാർ വിജയിച്ചത്. എന്നാൽ ബില്ലിലെ വ്യവസ്ഥകൾ ചൂണ്ടിക്കാട്ടി യു.ഡി.എഫിലെയും എൽ.ഡി.എഫിലെയും എംപിമാർ എതിർത്തത് അവരുടെ ഒന്നിച്ചുള്ള നിലപാട് വ്യക്തമാക്കുന്നു. മുസ്ളീം സമുദായങ്ങൾക്ക് ഗുണം കിട്ടുന്ന ബില്ലിനെ മുസ്ളീം ലീഗ് എതിർത്തതും സി.പി.ഐ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നതും ജനങ്ങൾ ചർച്ച ചെയ്യും.

കേരളത്തിലെ വനിതാ മതിൽ രൂപീകരണ ദിവസമുണ്ടായ ആക്രമണത്തിന്റെ പേരിൽ ബി.ജെ.പിയെ ആവശ്യമില്ലാതെ കുറ്റക്കാരാക്കി മാദ്ധ്യമങ്ങൾ പത്രസമ്മേളനം ബഹിഷ്‌കരിച്ചതാണ്. കേസിൽ സി.പി.എമ്മുകാർ പിടിയിലായതോടെ ബി.ജെ.പിയുടെ നിരപരാധിത്വം വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.