court

ന്യൂഡൽഹി:സർക്കാർ ജോലികളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പത്തു ശതമാനം സാമ്പത്തിക സംവരണം ഏർപ്പെടുത്താനുള്ള കേന്ദ്രസർക്കാർ തീരുമാനം ചോദ്യം ചെയ്‌ത് യൂത്ത് ഫോർ ഇക്വാളിറ്റി എന്ന സന്നദ്ധ സംഘടന സുപ്രീംകോടതിയിൽ പൊതുതാത്‌പര്യ ഹർജി നൽകി. ബില്ലിലെ വ്യവസ്ഥകൾ ഭരണഘടനാ വിരുദ്ധമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

പാർലമെന്റിൽ കഴിഞ്ഞ ദിവസം സംവരണം നടപ്പാക്കാനുള്ള ഭരണഘടനാ ഭേദഗതി ബിൽ പാസാക്കിയതിന് പിന്നാലെയാണ് സംഘടനയുടെ പേരിൽ കൗശൽ കാന്ത് മിശ്ര ഹർജി നൽകിയത്.

സാമ്പത്തികാവസ്ഥ സംവരണത്തിന് മാനദണ്ഡമാക്കാൻ കഴിയില്ലെന്ന 1992ലെ ഇന്ദിരാ സാഹ്‌നി കേസിലെ ഭരണഘടനാ ബെഞ്ച് വിധിയുടെ അടിസ്ഥാനത്തിലാണ് ഹർജിക്കാർ കേന്ദ്ര സർക്കാർ തീരുമാനം ചോദ്യം ചെയ്യുന്നത്. കേന്ദ്രസർക്കാർ 50ശതമാനം സംവരണമെന്ന അടിസ്ഥാന സംവരണ തത്ത്വത്തെ വെല്ലുവിളിക്കുന്നുവെന്നും ഹർജിയിലുണ്ട്.