talaq

ന്യൂഡൽഹി: മുത്തലാഖ് ആചാരം ക്രിമിനൽ കുറ്റമാക്കി വീണ്ടും ഒാർഡിനൻസിറക്കാൻ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. മുൻ ഓർഡിനൻസിന് പകരമുള്ള ബിൽ രാജ്യസഭയിൽ പാസാകാത്ത സാഹചര്യത്തിലാണിത്. ശീതകാല സമ്മേളനത്തിൽ ലോക്‌സഭ പാസാക്കിയ ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചെങ്കിലും ചർച്ച ചെയ്യാൻ കഴിഞ്ഞില്ല. മുത്തലാഖ് ചൊല്ലുന്ന പുരുഷന് മൂന്നുവർഷം തടവു ശിക്ഷ നൽകുന്ന വ്യവസ്ഥയെ എതിർക്കുന്ന കോൺഗ്രസ്, എ.ഡി.എം.കെ, സമാജ്‌വാദി പാർട്ടികൾ സംയുക്ത സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന നിലപാടിലാണ്. മൂന്നു വർഷത്തെ കഠിന തടവ് നിയമവ്യവസ്ഥയുടെ ലംഘനമാണെന്നും ശിക്ഷ ലഭിച്ച ഭർത്താവ് തലാഖ് ചൊല്ലപ്പെട്ട വനിതയ്‌ക്ക് ജീവിതച്ചെലവ് നൽകണമെന്ന വ്യവസ്ഥ വിചിത്രമാണെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. ലോക്‌സഭയിൽ ബില്ലിന്റെ വോട്ടെടുപ്പിൽ കോൺഗ്രസ്, എ.ഐ.എ.ഡി.എം.കെ, ആർ.ജെ.ഡി, എൻ.സി.പി, എസ്.പി, ടി.ഡി.പി, ടി.ആർ.എസ്, തൃണമൂൽ, ആംആദ്‌മി പാർട്ടി എന്നിവർ ബഹിഷ്‌കരിച്ചിരുന്നു. മുസ്ളിംലീഗ്, എ.ഐ.എം.ഐ.എം, ബി.ജെ.ഡി, സി.പി.എം, ആർ.എസ്.പി എന്നീ പാർട്ടികൾ എതിർത്ത് വോട്ടു ചെയ്‌തു.