ന്യൂഡൽഹി:ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണയം പെട്ടെന്ന് പൂർത്തിയാക്കി നേരത്തെ പ്രചരണം തുടങ്ങാൻ കോൺഗ്രസ് തീരുമാനിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയക്രമം പ്രഖ്യാപിക്കാൻ സാദ്ധ്യത മാർച്ചിലാണെങ്കിലും ഫെബ്രുവരി രണ്ടാം വാരത്തിൽ സ്ഥാനാർത്ഥികളെ തീരുമാനിക്കാനാണ് നീക്കം. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ പാർട്ടി പുന:സംഘടന ഈമാസം തന്നെ പൂർത്തിയാക്കാനും ഡൽഹിയിൽ എ.കെ. ആന്റണിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു.
വിവിധ സംസ്ഥാനങ്ങളിൽ നിന്ന് നേതാക്കളിൽ നിന്നും പ്രവർത്തകരിൽ നിന്നും അഭിപ്രായം ശേഖരിച്ച ശേഷമായിരിക്കും സ്ഥാനാർത്ഥി നിർണയം. സ്ഥാനാർത്ഥി നിർണയം കഴിഞ്ഞാലുടൻ പൂർണതോതിൽ പ്രചാരണം തുടങ്ങും. ഇതുവഴി പ്രചാരണത്തിൽ ബി.ജെ.പിയെ പിന്നിലാക്കാമെന്ന് നേതൃത്വം കരുതുന്നു. സമൂഹമാദ്ധ്യമങ്ങൾ വഴി ബി.ജെ.പിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും എതിരെയുള്ള പ്രചാരണത്തിനും പ്രത്യേക ടീം കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി തയ്യാറാക്കി കഴിഞ്ഞു. പ്രകടനപത്രിക തയ്യാറാക്കാനുള്ള പ്രത്യേക സമിതി പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.
ഗൾഫ് പര്യടനത്തിന് പോയ രാഹുൽ ഗാന്ധിയുടെ അഭാവത്തിലാണ് എ.കെ. ആന്റണി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചത്. കോർ കമ്മിറ്റി നേതാക്കളും കേരളത്തിൽ നിന്ന് ഉമ്മൻചാണ്ടി, കെ.സി.വേണുഗോപാൽ, ഡൽഹിയുടെചുമതലയുള്ള പി.സി.ചാക്കോ അടക്കമുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരും മുല്ലപ്പള്ളി രാമചന്ദ്രൻ അടക്കമുള്ള പി.സി.സി അദ്ധ്യക്ഷൻമാരും യോഗത്തിൽ പങ്കെടുത്തു.