10763901648__67a5967
ഡൽഹി രാംലീലാ മൈതാനിയിൽ ബി.ജെ.പി ദേശീയ കൗൺസിൽ യോഗ വേദിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ദേശീയ അദ്ധ്യക്ഷൻ അമിത് കൂറ്റൻ ഹാരം അണിയിക്കുന്നു

ന്യൂഡൽഹി: അയോദ്ധ്യയിൽ ശ്രീരാമൻ ജനിച്ച പവിത്ര ഭൂമിയിൽ തന്നെ എത്രയും പെട്ടെന്ന് ക്ഷേത്രം നിർമ്മിക്കാനാണ് ബി.ജെ.പിയുടെ തീരുമാനമെന്ന് ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ പറഞ്ഞു. ക്ഷേത്ര നിർമ്മാണത്തിന് കോൺഗ്രസ് തടസം നിൽക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ഡൽഹി രാംലീലാ മൈതാനിയിൽ ഇന്നലെ തുടങ്ങിയ രണ്ടു ദിവസത്തെ ബി.ജെ.പി ദേശീയ കൗൺസിൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി അയോദ്ധ്യ പ്രശ്‌നം ഉന്നയിക്കുമെന്ന സൂചനകൾക്കിടെ അമിത് ഷാ നടത്തിയ പ്രഖ്യാപനം പതിനായിരത്തോളം പ്രതിനിധികൾ ഹർഷാരവത്തോടെയാണ് സ്വീകരിച്ചത്. സുപ്രീംകോടതിയിലെ കേസ് നീട്ടി ക്ഷേത്ര നിർമ്മാണം വൈകിക്കാൻ കോൺഗ്രസ് നേതാക്കളായ വക്കീലന്മാർ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രധാനമന്ത്രി നരേന്ദ്രമോദിയും മറ്റുള്ളവരും തമ്മിലുള്ള യുദ്ധമാണ്. പാവപ്പെട്ടവർ, സ്‌ത്രീകൾ, യുവാക്കൾ തുടങ്ങിയവരുടെ ഭാവി തിരഞ്ഞെടുപ്പിലൂടെ അറിയാം. ബി.ജെ.പിക്ക് വിജയം അനിവാര്യമാണ്. മറാത്തകൾ 131 യുദ്ധം ജയിച്ചിട്ടും പാനിപ്പട്ടിൽ തോറ്റപ്പോൾ 200 വർഷം അടിമകളായി ജീവിക്കേണ്ടി വന്നുവെന്നും അദ്ദേഹം ഒാർമ്മിപ്പിച്ചു.
പഞ്ചായത്ത് മുതൽ കേന്ദ്രത്തിൽ വരെ അധികാരം കൈയാളിയിരുന്ന ഒരു കുടുംബത്തിൽ നിന്നാണ് 2014ൽ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ രക്ഷിച്ചതെന്ന് ഗാന്ധി കുടുംബത്തെ പരാമർശിച്ച് അദ്ദേഹം പറഞ്ഞു. അഴിമതിയും ദാരിദ്ര്യവും ഇല്ലാതാക്കാനാണ് മോദി സർക്കാർ ശ്രമിച്ചത്. റാഫേൽ വിമാന ഇടപാടിന്റെ പേരിൽ രാഹുൽ ഗാന്ധി അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് മോദിക്കെതിരെ ഉന്നയിക്കുന്നത്. രാജ്യത്തിന്റെ കാവൽക്കാരൻ ഒരു കള്ളനെയും വെറുതെ വിടില്ലെന്നും നീരവ് മോഡി, മെഹുൾ ചോക്‌സി എന്നിവരെ പരാമർശിച്ച് അമിത് ഷാ പറഞ്ഞു.അടുത്ത തിരഞ്ഞെടുപ്പിലും ഹിന്ദി ബെൽറ്റിൽ 2014ലെ വിജയം ബി.ജെ.പി ആവർത്തിക്കും. മോദി അധികാരത്തിലേറുകയും ചെയ്യും. യു.പിയിൽ എസ്.പി - ബി.എസ്.പി സഖ്യം ഭീഷണിയല്ല, 74സീറ്റിൽ പാർട്ടി ജയിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

മോദിയെ വേദിയിലിരുത്തിയായിരുന്നു പ്രസംഗം. മുതിർന്ന നേതാക്കളായ എൽ.കെ. അദ്വാനി, മുരളീമനോഹർ ജോഷി, കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, സുഷമാ സ്വരാജ്, ബി.ജെ.പി മുഖ്യമന്ത്രിമാരായ യോഗി ആദിത്യനാഥ്, ദേവേന്ദ്ര ഫട്നാവിസ്, മുൻ മുഖ്യമന്ത്രിമാരായ ശിവ്‌രാജ് സിംഗ് ചൗഹാൻ എന്നിവരും വേദിയിൽ ഉണ്ടായിരുന്നു.

കേന്ദ്രമന്ത്രിമാർ, എംപിമാർ, പ്രമുഖ നേതാക്കൾ എന്നിവരെല്ലാം കേരളത്തിൽ നിന്ന് സംസ്ഥാന അദ്ധ്യക്ഷൻ ശ്രീധരൻ പിള്ളയുടെ നേതൃത്വത്തിൽ 150ഒാളം പ്രതിനിധികൾ പങ്കെടുക്കുന്നു.