bsp-sp-

ന്യൂഡൽഹി:രാഷ്‌ട്രീയത്തിൽ സ്ഥിര വൈരികളില്ലെന്ന പൊതുതത്വം അന്വർത്ഥമാക്കി സമാജ്‌വാദിപാർട്ടിയും ബി.എസ്.പിയും ഒന്നിക്കുമ്പോൾ ഉത്തർപ്രദേശിൽ കാൽ നൂറ്റാണ്ട് മുമ്പുള്ള ചരിത്രം ആവർത്തിക്കുകയാണ്. 1993ൽ ഇരുപാർട്ടികളുടെയും സ്ഥാപകരും ഇതുപോലെ ഒന്നിച്ചിരുന്നു: അഖിലേഷ് യാദവിന്റെ പിതാവ് മുലായം സിംഗും മായാവതിയുടെ രാഷ്‌ട്രീയ ഗുരു കാൻഷിറാമും. അന്നും എതിരാളി ബി.ജെ.പി തന്നെ. പക്ഷേ രണ്ടുവർഷം കഴിഞ്ഞ് സംഖ്യം അടിച്ചു പിരിഞ്ഞ് കീരിയും പാമ്പുമായതും ചരിത്രം.

1993ൽ രാമജന്മഭൂമി പ്രശ്നവുമായി ബി. ജെ പി മുന്നേറുമ്പോഴായിരുന്നു സഖ്യം. ഇപ്പോഴും ബി. ജെ. പി അയോദ്ധ്യ പ്രശ്നം ഉന്നയിക്കാനിരിക്കെയാണ് സഖ്യം. അന്നത്തെ പോലെ ഇത്തവണയും ഇരു പാർട്ടികളും ബി.ജെ.പിയെ പ്രതിരോധിക്കുമോ എന്നാണ് അറിയേണ്ടത്. മാസങ്ങൾക്കു മുമ്പ് ഗോരഖ്പൂർ, കൈരാന, ഫുൽപൂർ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ ഈ സഖ്യം ബി.ജെ.പിയെ തോൽപ്പിച്ചിരുന്നു.

1993ൽ അയോദ്ധ്യാ വിഷയത്തിൽ ബി.ജെ.പി ശക്തിപ്രാപിച്ചപ്പോഴാണ് ബി.എസ്.പി നേതാവ് കാൻഷി റാം എസ്.പിയുടെ മുലായം സിംഗ് യാദവുമായി രമ്യതയിൽ എത്തുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടി 109സീറ്റും ബി.എസ്.പി 67 സീറ്റും നേടി ഭരണം പിടിച്ചു. 177 സീറ്റു ലഭിച്ച ബി.ജെ.പി പ്രതിപക്ഷത്തും. മുലായം മുഖ്യമന്ത്രിയായി. പക്ഷേ മായാവതിയും മുലായം സിംഗും തെറ്റി.

1995 ജൂൺ രണ്ടിന് മുലായം സർക്കാരിനുള്ള പിന്തുണ മായാവതി പിൻവലിച്ചു. അതിന് പിന്നാലെ ലക്‌നൗവിലെ മീരാഭായ് ഗസ്‌റ്റ് ഹൗസിൽ എം.എൽ.എമാരുമായി ചർച്ച നടത്തുകയായിരുന്ന മായാവതിയെ എസ്.പി പ്രവർത്തകർ അകത്ത് തടഞ്ഞുവച്ച് ജാതി പറഞ്ഞ് അവഹേളിച്ച് കയ്യേറ്റം ചെയ്യാൻ മുതിർന്നു. ബി.ജെ.പി എം.എൽ.എമാരാണ് അന്ന് മായാവതിയെ രക്ഷപ്പെടുത്തിയത്.പിന്നീട് ബി.ജെ.പി പിന്തുണയോടെ മായാവതി മുഖ്യമന്ത്രിയായി. ഗസ്റ്റ്ഹൗസ് സംഭവം മായാവതിയുടെ മനസിൽ ഉണങ്ങാത്ത മുറിവായി നിന്നു.സമാജ്‌വാദി പാർട്ടി നിത്യ ശത്രുവുമായി.

രാജ്യത്തിനു വേണ്ടി അന്നത്തെ സംഭവങ്ങൾ മറക്കുന്നുവെന്നാണ് മായാവതി ഇന്നലെ പറഞ്ഞത്.

ബി.ജെ.പിക്കെതിരെ ഒന്നിച്ചപ്പോൾ കോൺഗ്രസിനെ അകറ്റി നിറുത്തിയത് മറ്റൊരു രാഷ്‌ട്രീയം. ബി.ജെ.പിക്കെതിരെ കോൺഗ്രസ് രൂപീകരിക്കുന്ന മഹാമുന്നണിയിൽ നിന്ന് അകന്നു നിൽക്കുന്നത് യു.പിയിലെയും ദേശീയ രാഷ്‌ട്രീയത്തിലെയും സാദ്ധ്യതകൾ മുന്നിൽ കണ്ടാണ്. ഉത്തർപ്രദേശ് ജയിച്ചാൽ രാജ്യം ഭരിക്കാമെന്നിരിക്കെ തിരഞ്ഞെടുപ്പിന് ശേഷം പ്രാദേശിക കക്ഷികൾക്ക് മേൽക്കൈ വന്നാൽ പ്രധാനമന്ത്രി പദത്തിലേക്ക് മായാവതിക്കും സാദ്ധ്യതയേറും. പ്രധാനമന്ത്രി ഉത്തർപ്രദേശിൽ നിന്നാവുമെന്ന് ഇന്നലെ അഖിലേഷ് യാദവ് പറഞ്ഞത് മായാവതിയുടെ ഉള്ളിലിരിപ്പ് അറിഞ്ഞാണ്.

ഇരു പാർട്ടികളുടെയും മുസ്ളീം, ദളിത്, യാദവ് വോട്ടു ബാങ്കുകൾ ഒന്നിക്കുന്നത് നിർണായകമാകും. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ തകർന്നെങ്കിലും എസ്‌. പിക്കും ബി.എസ്.പിക്കും ഒന്നിച്ച് 40ശതമാനം വോട്ട് ലഭിച്ചിരുന്നു. റായ്ബറേലിയിലും അമേതിയിലും മത്സരിക്കില്ലെന്ന്പ്രഖ്യാപിച്ച് കോൺഗ്രസിനുള്ള ഇടം വിട്ടതും ശ്രദ്ധേയമാണ്. ബി.ജെ.പിക്ക് സ്വാധീനമുള്ള സവർണ,ബ്രാഹ്മണ വോട്ട് ബാങ്കിൽ കോൺഗ്രസിന് വിള്ളൽ വീഴ്‌ത്താൻ കഴിയും.