modi-

ന്യൂഡൽഹി: സ്വജനപക്ഷപാതവും അഴിമതിയും പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടാണ് കോൺഗ്രസ് നേതൃത്വത്തിൽ മഹാമുന്നണി രൂപീകരിച്ചതെന്നും സുസ്ഥിര സർക്കാരുണ്ടാക്കാൻ അവർക്ക് കഴിയില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ബി.ജെ.പി ദേശീയ കൗൺസിലിന്റെ സമാപന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് സുസ്ഥിരമായ സർക്കാർ രൂപീകരിക്കാനും സമ്പൂർണവികസനം നടപ്പാക്കാനും ബി.ജെ.പിക്ക് മാത്രമെ കഴിയൂ. വിശ്വസ്‌തനായ വീട്ടുവേലക്കാരനെപ്പോലെ താൻ രാജ്യത്തെ കാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഒന്നര മണിക്കൂർ നീണ്ട പ്രസംഗത്തിലുടനീളം കോൺഗ്രസിനെ ആക്രമിച്ചും സർക്കാരിന്റെ നേട്ടങ്ങളെ ഉയർത്തിക്കാട്ടിയുമാണ് പ്രധാനമന്ത്രി സംസാരിച്ചത്.

മസ്‌ബൂർ (ദുർബ്ബലം) ആയ സർക്കാരുണ്ടാക്കാൻ പ്രയാസപ്പെടുകയാണ് മഹാമുന്നണി. മസ്‌ബൂത്ത് (ഉറച്ച) സർക്കാർ ഉണ്ടാക്കാനും സമ്പൂർണവികസനം നടപ്പാക്കാനും ബി.ജെ.പിക്കു മാത്രമെ സാധിക്കൂ. പല തവണ പരാജയപ്പെട്ട പരീക്ഷണമാണ് മഹാമുന്നണിയുടേത്. പരസ്‌പരം എതിർത്തവർ എത്രകാലം ഒന്നിച്ചു നിൽക്കും. സ്വജനപക്ഷപാതവും അഴിമതിയുമാണ് അവരുടെ ലക്ഷ്യം. ഒരു വ്യക്തിയെ ആണ് അവർ ലക്ഷ്യമിടുന്നത്. തെലുങ്കാനയിലെ അവരുടെ ട്രെയിലർ പരാജയപ്പെട്ടു. കർണാടകയിൽ കണക്കപ്പിള്ളയുടെ ജോലിയാണെന്ന് മുഖ്യമന്ത്രി പറയുന്നു.

2004-2014 വർഷങ്ങൾ ഇന്ത്യയുടെ ചരിത്രത്തിലെ ഇരുണ്ട അദ്ധ്യായങ്ങളാണ്. കോൺഗ്രസ് സ്വന്തക്കാർക്കെല്ലാം വായ്പ നൽകി. നടപടികൾ പാലിക്കുന്ന സാധാരണ വായ്‌പയും രാഷ്‌ട്രീയ സ്വാധീനത്തിൽ കോൺഗ്രസ് വായ്‌പയും അന്നുണ്ടായിരുന്നു. അഴിമതിയില്ലാതെ ഭരിക്കാമെന്ന് ബി.ജെ.പി സർക്കാർ തെളിയിച്ചു. തങ്ങൾ നീരവ് മോദിയെയും വിജയ് മല്ല്യയെയും തിരിച്ചു കൊണ്ടുവരും.

പ്രതിപക്ഷത്തുള്ളവർക്ക് സർക്കാർ ഏജൻസികളെ ബഹുമാനമില്ല. പേടികൊണ്ടാണ് ആന്ധ്ര, ബംഗാൾ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങൾ സി.ബി.ഐ തടയുന്നത്. യു.പി.എ സർക്കാർ 12 വർഷം പീഡിപ്പിച്ചിട്ടും ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ താൻ സി.ബി.ഐയെ തടഞ്ഞില്ല.

അയോദ്ധ്യാ കേസ് നീട്ടിവയ്ക്കാൻ കോൺഗ്രസ് അഭിഭാഷകരാണ് ഇടപെടുന്നത്. നടപടികൾ നീട്ടാനും ചീഫ് ജസ്‌റ്റിസിനെ പുറത്താക്കാനും ശ്രമമുണ്ടായി. രാജ്യത്തെ സ്ഥാപനങ്ങളെക്കാൾ ശത്രുരാജ്യങ്ങളിലെ നടപടികളിലാണ് അവർക്ക് താത്പര്യം. രാജ്യത്തെ വൃത്തിഹീനമാക്കാൻ കൂട്ടു നിന്ന കോൺഗ്രസ് സ്വച്‌ഛഭാരത് അഭിയാൻ പദ്ധതിയെ എതിർക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒന്നും അസംഭവ്യമല്ലെന്ന് തെളിയിച്ച നാലു വർഷമാണ്കടന്നു പോയത്. ജനങ്ങൾ 12 മണിക്കൂർ ഉണർന്നിരിക്കുമ്പോൾ 18 മണിൂക്കറും പ്രവർത്തിക്കുന്ന വിശ്വസ്‌തനായ കാവൽക്കാരൻ ഇവിടുണ്ട്. വീട്ടിലുള്ളവരെ സംരക്ഷിക്കുന്ന നന്ദിയുള്ള വേലക്കാരനാണ് താനെന്നും പ്രധാനമന്ത്രി പറഞ്ഞു.