ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ എൻ.ഡി.എ സർക്കാരിന്റെ നാലുവർഷത്തെ ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് അഭിനന്ദിക്കുന്ന രാഷ്‌ട്രീയ പ്രമേയം ബി.ജെ.പി ദേശീയ കൗൺസിൽ പാസാക്കി. അയോദ്ധ്യ, ശബരിമല തുടങ്ങിയ രാഷ്‌ട്രീയ വിഷയങ്ങളൊന്നും പ്രമേയത്തിൽ ഇടം പിടിച്ചതുമില്ല. വിവിധ പദ്ധതികളിലൂടെ പാവപ്പെട്ടവരുടെ ജീവിത നിലവാരം മെച്ചപ്പെട്ടെന്ന് അവകാശപ്പെടുന്ന പ്രമേയവും യോഗം പാസാക്കി. അനുശോചന പ്രമേയങ്ങളിൽ ശബരിമല പ്രക്ഷോഭ സമയത്ത് കേരളത്തിൽ മരിച്ച വേണുഗോപാലൻ നായർ, ചന്ദ്രൻ ഉണ്ണിത്താൻ എന്നിവരുടെ പേരുകളും ഉൾപ്പെടുത്തി. കേന്ദ്ര ഗതാഗത, തുറമുഖ മന്ത്രി നിതിൻ ഗഡ്കരി അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ എന്നിവർ പിന്തുണച്ച് സംസാരിച്ചു.
നാലുവർഷത്തെ ഭരണത്തിലൂടെ നരേന്ദ്രമോദി ആഗോള നേതാവായി വളർന്നെന്നും രാജ്യത്ത് സബ്‌കാ സാത്ത് സബ് കാ വികാസ് എന്ന മുദ്രാവാക്യത്തിലൂന്നി സമ്പൂർണവികസനം നടപ്പാക്കിയെന്നും രാഷ്‌ട്രീയ പ്രമേയം പറയുന്നു. നാലര വർഷത്തെ ഭരണകാലം കൊണ്ട് മികച്ച പുരോഗതി കൈവരിച്ചു. ലോകത്തിലെ ഏറ്റവും വലിയ അഞ്ച് സാമ്പത്തിക ശക്തികളിലൊന്നായി ഇന്ത്യ വളർന്നു. ഏഴു പതിറ്റാണ്ടുകൾക്ക് ശേഷം 18,000 ഗ്രാമങ്ങളിൽ വൈദ്യുതിയെത്തി. പ്രധാനമന്ത്രി ആവാസ് യോജന, സ്വച്ഛ് ഭാരത് പദ്ധതികളെയും പ്രമേയത്തിൽ അഭിനന്ദിക്കുന്നു. ദേശീയ പിന്നാക്ക കമ്മീഷന് ഭരണഘടനാ പദവി, പത്തുശതമാനം സാമ്പത്തിക സംവരണം തുടങ്ങിയവയും സർക്കാരിന്റെ നേട്ടമായി ഇടം പിടിച്ചു. ജി.എസ്.ടി നടപ്പാക്കിയത് വിപ്ളവകരമായ തീരുമാനമായി പ്രമേയം വിശേഷിപ്പിക്കുന്നു.