ന്യൂഡൽഹി:സർക്കാർ ജോലികളിലും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും പത്തു ശതമാനം സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള ഭരണഘടനാ ഭേദഗതി ബില്ലിന് രാഷ്‌ട്രപതി അംഗീകാരം നൽകി. തൊട്ടു പിന്നാലെ കേന്ദ്രസർക്കാർ ഗസറ്റ് വിജ്ഞാപനം ചെയ്‌തതോടെ ഭേദഗതി നിലവിൽ വന്നു. സംവരണം നടപ്പാക്കാനുള്ള കേന്ദ്രസർക്കാരിന്റെ ഉത്തരവ് പുറകെ വന്നേക്കും.
ഇക്കഴിഞ്ഞ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ മൂന്നിൽരണ്ട് ഭൂരിപക്ഷത്തോടെ ഇരു സഭകളും ഭേദഗതി ബിൽ പാസാക്കിയിരുന്നു. മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട ഭേദഗതി ആയതിനാൽ സംസ്ഥാനങ്ങളുടെ അനുമതി ആവശ്യമില്ല. 124-ാം ഭേദഗതിയായാണ് ബിൽ അവതരിപ്പിച്ചതെങ്കിലും പാർലമെന്റും കടന്ന് രാഷ്‌ട്രപതിയുടെ അനുമതി ലഭിക്കുന്ന 103-ാം ഭേദഗതിയായാണ് കണക്കാക്കുക.
ജാതി,മതം, ലിംഗം, ജനന സ്ഥലം തുടങ്ങിയ വിവേചനങ്ങൾക്കെതിരായ ആർട്ടിക്കിൾ 15ലെ നാലാം ഉപവിഭാഗമായാണ് സാമൂഹ്യ, വിദ്യാഭ്യാസ പിന്നാക്കാവസ്ഥ ഇല്ലാതാക്കാൻ സംവരണം നിർദ്ദേശിക്കുന്നത്. അഞ്ചാം ഉപവിഭാഗമായി ഭേദഗതി ചെയ്‌ത പുതിയ നിർദ്ദേശം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം ഉറപ്പാക്കുന്നു.