bjp

ന്യൂഡൽഹി: പത്തു ശതമാനം സാമ്പത്തികസംവരണം നടപ്പാക്കാനുള്ള തീരുമാനത്തിൽ നന്ദി പറഞ്ഞ് എൻ.എസ്.എസ് നേതൃത്വം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചത് കേരളത്തിൽ ബി.ജെ.പിക്ക് ആത്മവിശ്വാസം നൽകുന്നു. എൻ.എസ്.എസിനെ കൂടുതൽ അടുപ്പിക്കാൻ വരും ദിവസങ്ങളിൽ നീക്കമുണ്ടായേക്കും. അതേസമയം എസ്.എൻ.ഡി.പി യോഗം സാമ്പത്തിക സംവരണത്തെ എതിർക്കുന്ന സാഹചര്യത്തിൽ കേരള എൻ.ഡി.എയിലെ സഖ്യകക്ഷിയായ ബി.ഡി.ജെ.എസിനെ ബി.ജെ.പി നേതൃത്വത്തിന് പിണക്കാനുമാകില്ല.

സർക്കാർ ജോലികളിലും ഉന്നതവിദ്യാഭ്യാസ മേഖലയിലും സാമ്പത്തിക സംവരണത്തിനുള്ള ഭേദഗതി രാജ്യസഭയിൽ പാസായപ്പോൾ എൻ.എൻ.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ അഭിനന്ദിച്ചിരുന്നു.സമുദായം ഏറെക്കാലമായി ആവശ്യപ്പെടുന്ന സാമ്പത്തികസംവരണം നടപ്പാക്കാനുള്ള തീരുമാനത്തിന് നന്ദി പറയുന്ന സുകുമാരൻ നായർ മോദിയെ അഭിനന്ദിച്ചതും അദ്ദേഹത്തിന്റെ നേതൃത്വത്തിന് പിന്തുണ വാഗ്‌ദാനം ചെയ്‌തതും ശ്രദ്ധേയമാണ്. സാമ്പത്തിക സംവരണത്തിലൂടെ സാമൂഹിക നീതി ഉറപ്പാക്കുകയാണെന്നും കേന്ദ്രസർക്കാരിന്റെ ഇച്ഛാശക്തിയുടെ തെളിവാണിതെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. ബില്ലിലെ വ്യവസ്ഥകളെ എതിർത്ത കേരളത്തിലെ ചില എം.പിമാരെ സുകുമാരൻ നായർ നേരിട്ട് വിളിച്ച് അതൃപ്‌തി അറിയിച്ചിരുന്നു.