ന്യൂഡൽഹി: ഉത്തർപ്രദേശിൽ കോൺഗ്രസിനെ കൈവിട്ട് സമാജ്‌വാദി- ബി.എസ്.പി മഹാസഖ്യം പ്രഖ്യാപിച്ചതിനു പിന്നാലെ, 80 സീറ്റിലും ഒറ്റയ്ക്കു മത്സരിക്കാൻ കോൺഗ്രസ് തീരുമാനിച്ചു. മുതിർന്ന നേതാവ് ഗുലാം നബി ആസാദ് ലഖ്‌നൗവിൽ പത്രസമ്മേളനം വിളിച്ചാണ് പാർട്ടി തീരുമാനം പ്രഖ്യാപിച്ചത്. അതേസമയം ബി.ജെ.പി വിരുദ്ധ മതേതര കക്ഷികളെ ഒപ്പം കൂട്ടാൻ തയ്യാറാണെന്നും യു.പിയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയായ അദ്ദേഹം പറഞ്ഞു.
2009-ലേതിനെക്കാൾ മികച്ച വിജയം സംസ്ഥാനത്ത് കോൺഗ്രസ് നേടും. ഉത്തർപ്രദേശിൽ മഹാമുന്നണിക്കു കീഴിൽ ബി.ജെ.പി വിരുദ്ധ പാർട്ടികൾ ഒന്നിക്കണമെന്നാണ് കോൺഗ്രസ് ആഗ്രഹിച്ചത്. എന്നാൽ ചിലർ വേറെ വഴിക്കു പോയെന്നും എസ്.പി- ബി.എസ്.പി സഖ്യത്തെ കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം മറുപടി നൽകി. കോൺഗ്രസ് സഖ്യത്തിൽ മത്സരിക്കുമെന്ന് ആർ.എൽ.ഡി നേതാവ് അജിത് സിംഗ് പറഞ്ഞിനെക്കുറിച്ചുള്ള ചോദ്യത്തിന് ആസാദ് മൗനം പാലിച്ചു.
സഖ്യത്തിന്റെ ഭാഗമായിരുന്നെങ്കിൽ കോൺഗ്രസിന് 25 സീറ്റിൽ ഒതുങ്ങേണ്ടി വന്നേനേ. ഇപ്പോൾ മുഴുവൻ സീറ്റിലും പാർട്ടി മത്സരിക്കുന്നു. പ്രവർത്തകർ അതിന്റെ സന്തോഷത്തിലാണ്. ദേശീയ തലത്തിൽ ബി.ജെ.പി വിരുദ്ധ പാർട്ടികളെല്ലാം കോൺഗ്രസ് നേതൃത്വത്തിനു കീഴിൽ ഒന്നിക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
2009 ൽ 21 സീറ്റിൽ ജയിച്ച കോൺഗ്രസിന് 2014ൽ സോണിയാ ഗാന്ധിയേയും (റായ്ബറേലി), രാഹുൽ ഗാന്ധിയേയും (അമേഠി) മാത്രമാണ് ജയിപ്പിക്കാനായിരുന്നത്.
കോൺഗ്രസിൽ കണ്ണുനട്ട് ശിവ്‌പാൽ
യു.പിയിൽ മായാവതി- അഖിലേഷ് യാദവ് സഖ്യത്തിനിടെ അവഗണിക്കപ്പെട്ട പ്രഗതിശീൽ സമാജ്‌വാദി പാർട്ടി (പി.എസ്.പി) നേതാവ് ശിവ്പാൽ യാദവ് കോൺഗ്രസുമായി കൂട്ടുകൂടാനുള്ള ശ്രമത്തിലാണ്. അഖിലേഷുമായുള്ള ഭിന്നതകളെ തുടർന്ന് എസ്.പിയിൽ നിന്ന് പുറത്തായ ശിവ്പാൽ യാദവ് കഴിഞ്ഞ സെപ്തംബറിലാണ് പ്രഗതിശീൽ സമാജ്‌വാദി പാർട്ടി രൂപീകരിച്ചത്. സഹോദരനും അഖിലേഷിന്റെ പിതാവുമായ മുലായംസിംഗ് യാദവുമായി അടുപ്പമുള്ള ശിവ്‌പാൽ എസ്.പി- ബി.എസ്.പി സഖ്യത്തിൽ കയറിക്കൂടാൻ ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല.ശിവ്‌പാൽ ബി.ജെ.പിയുടെ ആളാണെന്നാണ് മായാവതിയുടെ ആക്ഷേപം. തുടർന്നാണ് അദ്ദേഹം കോൺഗ്രസ് കൂടാരത്തിലേക്ക് കണ്ണെറിഞ്ഞു തുടങ്ങിയത്.