ന്യൂഡൽഹി: ഉന്നതാധികാര സമിതി സി.ബി.ഐ മേധാവി സ്ഥാനത്തു നിന്ന് നീക്കിയതിനെ തുടർന്ന് ഐ.പി.എസ് സർവീസിൽ നിന്ന് രാജിവച്ച അലോക് വർമ്മയ്‌ക്കെതിരെ മാംസ വ്യാപാരി മൊയിൻ ഖുറേഷിയുമായി ബന്ധപ്പെട്ട കേസിൽ നടപടി തുടങ്ങാൻ കേന്ദ്ര വിജിലൻസ് കമ്മിഷൻ (സി.വി.സി) കേന്ദ്രസർക്കാരിനെ ശുപാർശ ചെയ്‌തതായി സൂചന. സി.ബി.ഐയിലെ ചില അന്വേഷണങ്ങൾ അട്ടിമറിക്കാൻ ശ്രമിച്ചെന്നും ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ നിയമിച്ചെന്നുമുള്ള ആരോപണത്തിൽ വകുപ്പ് തല അന്വേഷണത്തിനും സി.വി. സി ശുപാർശ ചെയ്‌തതായി അറിയുന്നു.
മാംസം കയറ്റുമതി ചെയ്യുന്ന ഖുറേഷിക്കെതിരായ കേസിൽ ഇടനിലക്കാരൻ ഹൈദരാബാദ് വ്യവസായി സതീഷ് ബാബു സനയുമായി അലോക് വർമ്മ നടത്തിയതെന്ന് കരുതപ്പെടുന്ന ഫോൺ സംഭാഷണങ്ങളുടെ അടിസ്ഥാനത്തിൽ ക്രിമിനൽ കേസ് നടപടി വേഗത്തിലാക്കാനാണ് സി.വി.സി ശുപാർശ ചെയ്‌തത്. സി.ബി.ഐയിലെ ഒന്നാമനുമായി സംസാരിച്ചെന്നും ആശ്വസിക്കാമെന്നും ഒരാൾ സനയോട് പറയുന്ന ഫോൺ സംഭാഷണവും സി.വി.സിയുടെ കൈവശമുണ്ട്. കോഴവാങ്ങി കേസ് ഒഴിവാക്കാൻ ശ്രമിച്ചെന്നാണ് സി.വി.സിയുടെ കണ്ടെത്തൽ. ഇക്കാര്യങ്ങൾ വിശദമാക്കി സി.വി.സി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിലുള്ള ഉന്നതാധികാര സമിതി അലോക് വർമ്മയെ സി.ബി.ഐ ഡയറക്‌ടർ സ്ഥാനത്തു നിന്ന് നീക്കം ചെയ്‌തത്.
ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ് ഉൾപ്പെട്ട ഐ.ആർ.സി.ടി.സി അഴിമതി കേസിൽ ആരോപണ വിധേയനായ ഉന്നത റെയിൽവെ ഉദ്യോഗസ്ഥനെ രക്ഷിക്കാൻ അലോക് വർമ്മ ശ്രമിച്ചതാണ് മറ്റൊന്ന്. എഫ്.ഐ.ആറിൽ നിന്ന് ഉദ്യോഗസ്ഥന്റെ പേര് ഒഴിവാക്കാൻ വർമ്മ നേരിട്ട് ഇടപെട്ടു. അലോക് വർമ്മയുടെ കാലത്ത് സി.ബി.ഐയിൽ നിയമിച്ച യു.പി.കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥൻ രാജീവ് കൃഷ്‌ണ, ഡൽഹി കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥൻ ആർ.പി. ഉപാദ്ധ്യായ് എന്നിവരുടെ അപേക്ഷ മോശം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുൻപ് തള്ളിയതാണെന്നും സി.വി.സി ചൂണ്ടിക്കാട്ടുന്നു.
മോശം ചരിത്രമുള്ള നിരവധി ഉദ്യോഗസ്ഥരെ അലോക് വർമ്മ സി.ബി.ഐയിൽ തിരുകി കയറ്റിയെന്ന ആരോപണവും സി.വി.സി ഉയർത്തുന്നു.