sikri

ന്യൂഡൽഹി: ഇന്ത്യ അടക്കം എട്ടുരാജ്യങ്ങൾക്കിടയിലെ നിയമ വിഷയങ്ങൾ തീർപ്പാക്കുന്ന കോമൺവെൽത്ത് സെക്രട്ടേറിയറ്റ് ആർബിട്രൽ ട്രൈബ്യൂണൽ (സി.എസ്.എ.ടി) അംഗമായുള്ള നിയമനം സുപ്രീംകോടതി ജഡ്‌ജി എ.കെ.സിക്രി നിരസിച്ചു. മാർച്ചിൽ സുപ്രീംകോടതിയിൽ നിന്ന് വിരമിക്കുമ്പോൾ ആ പദവിയിൽ നിയമിക്കാനായിരുന്നു കേന്ദ്രസർക്കാർ തീരുമാനം.

അലോക് വർമ്മയെ സി.ബി.ഐ മേധാവി സ്ഥാനത്തു നിന്ന് നീക്കിയ ഉന്നതാധികാര സമിതി യോഗത്തിൽ പ്രധാനമന്ത്രിയെ ജസ്‌റ്റിസ് സിക്രി പിന്തുണച്ചിരുന്നു. ഉന്നതാധികാര സമിതി തീരുമാനം വിവാദമായതും പുതിയ നിയമനം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതും കണക്കിലെടുത്താണ് പദവി നിരസിച്ചതെന്ന് സൂചനയുണ്ട്. ജുഡിഷ്യറിയിൽ ഉന്നത പദവിയിൽ പ്രവർത്തിച്ചിട്ടുള്ള ധർമ്മനിഷ്‌ഠയുള്ള വ്യക്തികളെ നാലുവർഷത്തേക്കാണ് സി.എസ്.എ.ടി അംഗമായി നിയമിക്കുന്നത്. ജസ്‌റ്റിസ് സിക്രിയുടെ അനുവാദത്തോടെ ഒരു മാസം മുമ്പ് നിയമനത്തിനുള്ള നടപടികൾ കേന്ദ്രസർക്കാർ തുടങ്ങിയിരുന്നു. ജനുവരി എട്ടിന്റെ ഉന്നതാധികാര സമിതി യോഗ ശേഷമുള്ള സാഹചര്യങ്ങൾ കണക്കിലെടുത്ത് അദ്ദേഹം തീരുമാനം മാറ്റുകയായിരുന്നു.