ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാല മുൻ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റും സി.പി.ഐ നേതാവുമായ കനയ്യകുമാറിനും മറ്റ് 9 പേർക്കുമെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ഡൽഹി പൊലീസ് പ്രത്യേക സെൽ ഡൽഹി മെട്രോപൊളിറ്റൻ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പാർലമെന്റ് ആക്രമണ കേസ് പ്രതി അഫ്‌സൽ ഗുരുവിനെ തൂക്കിലേറ്റിയതിൽ പ്രതിഷേധിച്ച് 2016 ഫെബ്രുവരി 9ന് കാമ്പസിൽ നടത്തിയ പരിപാടിക്കിടെ രാജ്യദ്രോഹ മുദ്രാവാക്യം വിളിച്ചെന്നാണ് കേസ്.
തിരഞ്ഞെടുപ്പടുത്ത സമയത്ത് കുറ്റപത്രം സമർപ്പിച്ചത് രാഷ്‌ട്രീയ ലാക്കോടെയാണെന്ന് കനയ്യകുമാർ പ്രതികരിച്ചു. കനയ്യയെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബീഹാറിൽ നിന്ന് മത്സരിപ്പിക്കാൻ സി.പി.ഐ തീരുമാനിച്ചിട്ടുണ്ട്.
മുൻ വിദ്യാർത്ഥി നേതാക്കളായ ഉമർ ഖാലിദ്, അനിർബൻ ഭട്ടചാര്യ, കാശ്‌മീരി യുവാക്കളായ ആക്വിബ് ഹുസൈൻ, മുജീബ് ഹുസൈൻ, മുനീബ് ഹുസൈൻ, ഉമർഗുൽ, റഹീയ്യ റാസോൾ, ബഷീർ ഭട്ട്, ബഷാരത്ത് എന്നിവർക്കുമെതിരെയാണ് കുറ്റപത്രം. രാജ്യദ്രോഹക്കുറ്റത്തിനുള്ള 124 എയ‌്‌ക്കു പുറമെ വ്യാജരേഖ ചമയ്ക്കൽ, നിയമവിരുദ്ധമായി സംഘം ചേരൽ, കലാപത്തിന് ശ്രമിക്കൽ, ക്രിമിനൽ ഗൂഢാലോചന എന്നിവയ്‌ക്കുള്ള വകുപ്പുകളും ചുമത്തി.
സംഭവവുമായി ബന്ധപ്പെട്ട് സി.പി.ഐ നേതാവ് ഡി. രാജയുടെ മകൾ അപരാജിത, യൂണിയൻ മുൻ പ്രസിഡന്റ് ഷെലാ റഷീദ് അടക്കം 36 പേരുകളും കുറ്റപത്രത്തിലുണ്ട്. ഇവർക്കെതിരെ മതിയായ തെളിവുകളില്ലെന്ന് പൊലീസ് പറയുന്നു.
1200 പേജുള്ള കുറ്റപത്രവും തെളിവായി സി.സി ടിവി കാമറാ ദൃശ്യങ്ങൾ, മൊബൈൽ ഫോൺ ദൃശ്യങ്ങൾ, ടിവി ചാനൽ ദൃശ്യങ്ങൾ എന്നിവയും വലിയ ട്രങ്ക് പെട്ടിയിലാണ് പൊലീസ് കോടതിയിൽ എത്തിച്ചത്.
ആരോപണങ്ങൾ തള്ളിയ ഉമ്മർ ഖാലിദും കോടതിയിൽ പോരാട്ടം നടത്തുമെന്ന് പറഞ്ഞു. കാമ്പസിൽ ഇല്ലാത്ത തന്റെ പേര് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയത് രാഷ്‌ട്രീയ പ്രേരിതമാണെന്ന് മുൻ വിദ്യാർത്ഥി യൂണിയൻ നേതാവ് ഷെലാ റഷീദ് അറിയിച്ചു. കുറ്റപത്രം തിരഞ്ഞെടുപ്പിന് തൊട്ടു മുൻപ് സമർപ്പിച്ചത് എന്തിനാണെന്ന് വ്യക്തമാണെന്ന് സി.പി.ഐ നേതാവ് ഡി. രാജ പറഞ്ഞു.
പരാതിക്കാർ എ.ബി.വി.പിയും
ബി.ജെ.പി എം.പിയും
എ.ബി.വി.പി പ്രവർത്തകരുടെ എതിർപ്പിനിടെയാണ് കനയ്യയുടെ നേതൃത്വത്തിൽ കാമ്പസിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. രാജ്യദ്രോഹ മുദ്രാവാക്യം ഉയർത്തിയെന്ന് എ.ബി.വി.പി യൂണിറ്റും ബി.ജെ.പി എം.പി മഹീഷ് ഗിരിയും നൽകിയ പരാതിയിൽ രണ്ടു ദിവസം കഴിഞ്ഞ് വസന്ത്കുഞ്ച് പൊലീസ് കേസെടുത്തു. അടുത്തദിവസം കനയ്യ അറസ്‌റ്റിലായി. പാട്യാലാ കോടതിയിൽ ഹാജരാക്കിയ കനയ്യയെ ഒരു സംഘം അഭിഭാഷകർ കൈയേറ്റം ചെയ്‌തു. ഒളിവിലായിരുന്ന മറ്റുള്ളവർ കൂടി പിടിയിലായ ശേഷം കേസ് ഡൽഹി പൊലീസ് സ്‌പെഷൽ സെല്ലിന് കൈമാറുകയായിരുന്നു.
' കേസെടുത്ത് മൂന്നു വർഷം കഴിഞ്ഞ് തിരഞ്ഞെടുപ്പ് അടുത്തപ്പോൾ കുറ്റപത്രം സമർപ്പിച്ചത് രാഷ്‌ട്രീയ ലാക്കോടെയാണ്. മോദിക്കും പൊലീസിനും നന്ദി പറയുന്നു. ജുഡിഷ്യറിയിൽ വിശ്വാസമുണ്ട്. തെളിവുകളായി ഹാജരാക്കിയ വീഡിയോ കാണണം. അതിവേഗം വിചാരണ നടത്തി സത്യം പുറത്തു കൊണ്ടുവരണം".
- കനയ്യകുമാർ