telecom-spectrum

ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാർ നാലര വർഷത്തിനിടെ വിവിധ ടെലികോം സ്‌പെക്ട്രം ഇടപാടുകളിലൂടെ 69,381 കോടി രൂപ ഖജനാവിന് നഷ്‌ടമുണ്ടാക്കിയെന്ന ഗുരുതര ആരോപണവുമായി കോൺഗ്രസ് രംഗത്ത്. 2015ൽ ഏതാനും മൈക്രോ സ്‌പെക്‌ട്രം, ആദ്യം വരുന്നവർക്ക് ആദ്യം എന്ന രീതിയിൽ രണ്ട് സ്വകാര്യ കമ്പനികൾക്ക് വിതരണം ചെയ്‌തെന്നും ഇത് ചട്ട വിരുദ്ധമാണെന്നും ജനുവരി എട്ടിന് പാർലമെന്റിൽ സമർപ്പിച്ച സി.എ.ജി റിപ്പോർട്ടിൽ കുറ്റപ്പെടുത്തിയിരുന്നു. ഇത് ആധാരമാക്കിയാണ് കോൺഗ്രസ് ആരോപണമുയർത്തിയിരിക്കുന്നത്. ഈ ഇടപാടിലൂടെ മാത്രം 560 കോടി രൂപ നഷ്ടമായെന്നും പറയുന്നു.

യു.പി.എ സർക്കാരിനെ വലച്ച ടുജി സ്‌പെക്‌ട്രം അഴിമതിക്ക് സമാനമായ ആരോപണമാണ് മോദി സർക്കാരിനെതിരെ കോൺഗ്രസ് ഉന്നയിക്കുന്നത്. 101 അപേക്ഷകരുള്ളപ്പോഴാണ് സർക്കാരിന് താത്പര്യമുള്ള രണ്ടു കമ്പനികൾക്ക് മൈക്രോ സ്‌പെക്‌ട്രം നൽകിയതെന്നും ഇതു വഴി 560 കോടി രൂപ നഷ‌്‌ടമായെന്നുമാണ് പറയുന്നത്. റിലയൻസ് ജിയോ, സിസ്‌റ്റെമെ എന്നീ കമ്പനികൾക്കാണ് സ്‌പെക്‌ട്രം ലഭിച്ചതെങ്കിലും കോൺഗ്രസ് അക്കാര്യം പറയുന്നില്ല.

ടുജി സ്പെക്ട്രം അഴിമതിയെ തുടർന്ന് പ്രകൃതി വിഭവങ്ങളുടെ വിതരണം മുൻകൂട്ടി പരസ്യം ചെയ്‌ത് ലേലത്തിലൂടെ നടത്തണമെന്ന 2012ലെ സുപ്രീംകോടതി വിധിയുടെ ലംഘനമാണ് നടന്നതെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര പറഞ്ഞു. യോഗ്യരായവർക്ക് തുല്ല്യ അവസരം ലഭിക്കാൻ ലൈസൻസും സ്‌പെക്ട്രവും ഒന്നിച്ച് നൽകരുതെന്നും വിപണിയിലെ പൊതു നടപടികളിലൂടെ ലഭ്യമാക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.

സ്‌പെക്‌ട്രം വിതരണം സുതാര്യമാക്കാൻ 2012ൽ ടെലികോം വകുപ്പ് രൂപീകരിച്ച സമിതിയുടെ ശുപാർശയും സർക്കാർ കണക്കിലെടുത്തില്ലെന്നും ആരോപിക്കുന്നു. പ്രതിരോധ മേഖലയ്ക്ക് സൗജന്യമായി സ്പെക്ട്രം നൽകണമെന്ന ശുപാർശയും സർക്കാർ നടപ്പാക്കിയില്ല.

ആകെ നഷ്‌ടം: 69,381 കോടി