ന്യൂഡൽഹി:അലോക് വർമ്മയ്‌ക്കു പകരം സി.ബി.ഐ ഇടക്കാല ഡയറക്ടർ പദവിയിൽ എം. നാഗേശ്വര റാവുവിനെ നിയമിച്ച പ്രധാനമന്ത്രി അദ്ധ്യക്ഷനായ ഉന്നതാധികാര സമിതി തീരുമാനം ചോദ്യം ചെയ്‌ത് കോമൺ കോസ് എന്ന സന്നദ്ധ സംഘടനയ്‌ക്കു വേണ്ടി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്‌തു. ചട്ടപ്രകാരം മുഴുവൻ സമയ സി.ബി.ഐ മേധാവിയെ ഉടൻ നിയമിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു.
അലോക് വർമ്മയെ സി.ബി.ഐ മേധാവി സ്ഥാനത്ത് നിയമിച്ച സുപ്രീംകോടതി വിധി മറികടന്നാണ് ഉന്നതാധികാര സമിതി നാഗേശ്വര റാവുവിനെ തിരിച്ചു കൊണ്ടുവന്നതെന്ന് ഹർജിയിൽ പറയുന്നു. സി.ബി.ഐ മേധാവിയായി തിരിച്ചെത്തിയ ശേഷം അലോക് വർമ്മ നടത്തിയ സ്ഥലമാറ്റ ഉത്തരവുകൾ റാവു റദ്ദാക്കിയതും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഫയർ സർവീസസ് ഡയറക്‌ടർ ജനറൽ ആയി നിയമിച്ച അലോക് വർമ്മ രാജിവച്ചതും പ്രശാന്ത് ഭൂഷൺ ഹർജിയിൽ പരാമർശിക്കുന്നു.