ന്യൂഡൽഹി: ശബരിമല യുവതി പ്രവേശന വിധിക്കെതിരായ ഹർജികൾ സുപ്രീംകോടതി ജനുവരി 22 നു പരിഗണിക്കില്ല. ഹർജികൾ കേൾക്കുന്ന ഭരണഘടനാ ബെഞ്ചിലെ വനിതാ അംഗമായ ജസ്റ്റിസ് ഇന്ദു മൽഹോത്ര മെഡിക്കൽ അവധിയിലായതിനാൽ കേസ് മറ്റൊരു ദിവസം പരിഗണിക്കുമെന്ന് ചീഫ് ജസ്‌റ്റിസ് രഞ്ജൻ ഗോഗോയ് അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച സെപ്തംബർ 28 ലെ വിധിക്കെതിരായ 50ലേറെ പുനഃപരിശോധനാ ഹർജികൾ അടക്കം സുപ്രീംകോടതിയുടെ മുന്നിലുണ്ട്. പുനഃപരിശോധനാ ഹർജികളും മറ്റും തുറന്ന കോടതിയിൽ പരിഗണിക്കുന്നത് തത്‌സമയം സംപ്രേഷണം ചെയ്യണമെന്ന ആവശ്യം നാഷണൽ അയ്യപ്പ ഡെവോട്ടീസ് അസോസിയേഷന്റെ അഭിഭാഷകനായ മാത്യു ജെ. നെടുമ്പാറ അറിയിച്ചപ്പോളാണ് മുൻ നിശ്‌ചയിച്ച തീയതിയിൽ മാറ്റമുണ്ടെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് പറഞ്ഞത്. മുൻ ചീഫ് ജസ്‌‌റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ ഏക വനിതാ അംഗമായ ഇന്ദു മൽഹോത്ര യുവതി പ്രവേശനത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. അൻപതിലധികം പുനഃപരിശോധനാ ഹർജികൾ, ദേവസ്വം ബോർഡിന്റെ സാവകാശ ഹർജി, ഹൈക്കോടതി ഇടപെടലിനെതിരായ സംസ്ഥാന സർക്കാരിന്റെ ട്രാൻസ്ഫർ ഹർജി, കോടതിയലക്ഷ്യ ഹർജി, വിധിക്കെതിരായ റിട്ട് ഹർജികൾ എന്നിവ ബെഞ്ചിന്റെ മുന്നിലുണ്ട്.