ന്യൂഡൽഹി:ഉന്നത വിദ്യാഭ്യാസ മേഖലയിൽ പത്തു ശതമാനം സാമ്പത്തിക സംവരണം ഈ അക്കാഡമിക് വർഷം മുതൽ നടപ്പാക്കുമെന്നും അതിനായി ഐ.ഐ.ടി, ഐ.ഐ.ഐ.ടി, എൻ.ഐ.ടി, കേന്ദ്ര സർവ്വകലാശാലകൾ തുടങ്ങിയ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സീറ്റുകൾ വർദ്ധിപ്പിക്കുമെന്നും കേന്ദ്ര മാനവവിഭവ ശേഷി മന്ത്രി പ്രകാശ് ജാവദേക്കർ അറിയിച്ചു. 40,000 കോളേജുകളിലും 900 സർവ്വകലാശാലകളിലുമാണ് സീറ്റുകൾ വർദ്ധിപ്പിക്കുക.
സാമ്പത്തിക സംവരണം നടപ്പാക്കുന്നത് പട്ടികജാതി, പട്ടികവർഗ, ഒ.ബി.സി വിഭാഗങ്ങളുടെ അവകാശങ്ങളെ ബാധിക്കാത്ത വിധമായിരിക്കും.സാമ്പത്തിക സംവരണം സംബന്ധിച്ച് യു.ജി.സിയും എ.ഐ.സി.ടി.സിയും ഉടൻ ഉത്തരവിറക്കും. സാമ്പത്തിക നീതിയും സാമൂഹിക നീതിയും ഉറപ്പാക്കാനുള്ള വിപ്ളവകരമായ തീരുമാനമാണിതെന്നും ജാവദേക്കർ പറഞ്ഞു.
ശമ്പളക്കമ്മിഷൻ അക്കാഡമിക് ജീവനക്കാർക്കും
കേന്ദ്രസർക്കാർ നടപ്പാക്കിയ ഏഴാം ശമ്പളപരിഷ്‌കരണം സംസ്ഥാന സർക്കാർ, എയ്ഡഡ് സാങ്കേതിക ഡിഗ്രി തല സ്ഥാപനങ്ങളിലെ അക്കാഡമിക് ജീവനക്കാർക്കും ബാധകമാക്കിയതായി പ്രകാശ് ജാവദേക്കർ അറിയിച്ചു. ഇതുവഴി കേന്ദ്രസർക്കാരിന് 12.41.78 കോടി രൂപയുടെ ബാദ്ധ്യതയുണ്ടാകും. ഏഴാം ശമ്പളക്കമ്മിഷൻ ശുപാർശ നടപ്പാക്കുമ്പോഴുള്ള 2016 ജനുവരി മുതൽ 2019 മാർച്ച് വരെയുള്ള കുടിശികയുടെ പകുതി കേന്ദ്രസർക്കാർ നൽകുമെന്നും മന്ത്രി അറിയിച്ചു.