ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണച്ചുമതല 4 ഉപസമിതികൾക്ക്
29ന് രാഹുൽ എത്തുന്നതോടെ പ്രവർത്തനം ചൂടുപിടിക്കും
ന്യൂഡൽഹി: ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള കേരളത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിപ്പട്ടിക ഫെബ്രുവരി അവസാനത്തോടെ തയ്യാറാകും. ഈമാസം 29ന് കൊച്ചിയിൽ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പങ്കെടുക്കുന്ന സമ്മേളനത്തോടെ പ്രചാരണ പരിപാടികൾ ശക്തമാക്കാനാണ് പാർട്ടി തീരുമാനം.
മത്സരരംഗത്തേക്ക് ഓരോ മണ്ഡലത്തിൽനിന്നും മൂന്നു പേരുവീതം നൽകാൻ എ.ഐ.സി.സി നേതൃത്വം നിർദ്ദേശിച്ചതായും സൂചനയുണ്ട്. കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സംസ്ഥാന പ്രചാരണ സമിതി അദ്ധ്യക്ഷൻ കെ. മുരളീധരൻ എന്നിവർ കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്‌നിക്, മുതിർന്ന നേതാവ് എ.കെ. ആന്റണി, എ.ഐ.സി.സി ട്രഷറർ അഹമ്മദ് പട്ടേൽ എന്നിവരുമായി ഇന്നലെ ഡൽഹിയിൽ ചർച്ച നടത്തിയിരുന്നു. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി നാല് ഉപസമിതികൾക്ക് രൂപം നൽകാൻ ചർച്ചയിൽ തീരുമാനിച്ചു.
പ്രചാരണ സമിതി, ഏകോപന സമിതി, പരസ്യസമിതി, സ്‌ക്രീനിംഗ് സമിതി എന്നിവയാണത്. സമിതി രൂപീകരണം സംബന്ധിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്ന് ഹൈക്കമാൻഡിന് ശുപാർശ നൽകും. ജംബോ സമിതികൾ ഇക്കുറി ഉണ്ടാകില്ലെന്നും ഗ്രൂപ്പുകൾക്ക് അതീതമായിരിക്കും സ്ഥാനാർത്ഥി നിർണയമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
24,974 ബൂത്ത് പ്രസിഡന്റുമാരുടെയും വനിതാ വൈസ് പ്രസിഡന്റുമാരുടെയും യോഗത്തിൽ പങ്കെടുക്കാനാണ് രാഹുൽ ഗാന്ധി 29ന് കൊച്ചിയിൽ എത്തുന്നത്. സന്ദർശന പരിപാടിക്ക് ഇന്നലെ അന്തിമ രൂപം നൽകി. ഫെബ്രുവരി മൂന്നുമുതൽ മുല്ലപ്പള്ളിയുടെ കാസർകോട്ടു നിന്ന് തിരുവനന്തപുരത്തേക്കുള്ള പ്രചാരണ യാത്ര ആരംഭിക്കും. എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി, യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാൻ എന്നിവർ ചർച്ചയിൽ പങ്കെടുക്കാത്തത് എ ഗ്രൂപ്പിന്റെ ബഹിഷ്‌കരണമെന്ന രീതിയിൽ വാർത്ത വന്നിരുന്നു. എന്നാൽ, ഒരു വിവാഹത്തിൽ പങ്കെടുക്കേണ്ടതിനാലാണ് ഉമ്മൻചാണ്ടി പങ്കെടുക്കാത്തതെന്ന് മുല്ലപ്പള്ളി പറഞ്ഞു. കെ.പി.സി.സി പുനഃസംഘടന ലോക്‌സഭ തിരഞ്ഞടുപ്പിനു ശേഷമേ ഉണ്ടാകൂ.
മത്സരിക്കാൻ ജയസാദ്ധ്യതയുള്ളവർ മാത്രം
ജയസാദ്ധ്യതയുള്ളവരെ മാത്രം മത്സരിപ്പിക്കണമെന്നാണ് കെ.പി.സി.സിയുടെ നിലപാട്. എന്നാൽ, സിറ്റിംഗ് എം.പിമാർക്ക് സ്ഥാനാർത്ഥി നിർണയത്തിൽ മുൻഗണന നൽകും. പാർട്ടി പദവികൾ വഹിക്കുന്ന എം.പിമാരായ കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി, വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എന്നിവരുടെ കാര്യത്തിൽ ഹൈക്കമ്മാൻഡായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുക. എം.ഐ. ഷാനവാസിന്റെ വിയോഗത്തിൽ, വയനാട്ടിൽ പകരക്കാരനെ കണ്ടെത്തും. കേരളാ കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റായ കോട്ടയത്ത് രാജ്യസഭാംഗമായ ജോസ് കെ. മാണിക്കു പകരം എ.ഐ.സി.സി ജനറൽ സെക്രട്ടറിയും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടിയെ മത്സരിപ്പിക്കണമെന്ന ആവശ്യം സജീവമാണ്.