കേരളത്തിന് തിരിച്ചടി
ന്യൂഡൽഹി: യു.പി.എസ്.സി ശുപാർശ അനുസരിച്ച് സംസ്ഥാന ഡി.ജി.പി നിയമനം നടത്തണമെന്ന ഉത്തരവ് തിരുത്തണമെന്ന കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളുടെ ആവശ്യം ചീഫ് ജസ്‌റ്റിസ് രഞ്ജൻ ഗോഗോയ് അദ്ധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് തള്ളി. പൊതുജന താത്‌പര്യാർത്ഥം പൊലീസ് മേധാവിമാരെ രാഷ്‌ട്രീയ ഇടപെടലുകളിൽ നിന്ന് അകറ്റാൻ ലക്ഷ്യമിട്ടാണ് മുൻ ഉത്തരവെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ഡി.ജി.പി നിയമനം യു.പി.എസ്.സി വഴി ആകണമെന്ന 2006ലെ പ്രകാശ് സിംഗ് കേസ് വിധി തിരുത്തണമെന്നും ക്രമസമാധാനം സംസ്ഥാന വിഷയമായതിനാൽ സ്വന്തം നിയമം നടപ്പാക്കാൻ അനുവദിക്കണമെന്നുമായിരുന്നു കേരളം, പശ്‌ചിമബംഗാൾ, ബീഹാർ, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങൾ സുപ്രീംകോടതിയിൽ സത്യവാങ്‌മൂലം നൽകിയത്. ഹർജി തള്ളിയ കോടതി പൊലീസ് മേധാവിമാരുടെ നിയമനത്തിൽ സംസ്ഥാന നിയമങ്ങൾ ബാധകമല്ലെന്ന് വ്യക്തമാക്കി.
സുപ്രീംകോടതി വിധി പ്രകാരം നിലവിലെ ഡി.ജി.പി വിരമിക്കുമ്പോൾ പരിഗണിക്കാൻ യോഗ്യതയുള്ളവരുടെ സാദ്ധ്യതാ പട്ടിക സംസ്ഥാന സർക്കാർ മൂന്നുമാസം മുൻപ് യു.പി.എസ്.സിക്ക് നൽകണം. പട്ടികയിൽ നിന്ന് മൂന്നുപേരെ കണ്ടെത്തി യു.പി.എസ്.സി സംസ്ഥാന സർക്കാരിനെ അറിയിക്കും. രണ്ടുവർഷം ഡി.ജി.പി പദവിയിലിരിക്കാൻ തക്ക സർവീസ് കാലാവധിയും അർഹതയും സീനിയോറിട്ടിയും ഉള്ളവർക്കാണ് പരിഗണന നൽകുക.
ചില സംസ്ഥാന സർക്കാരുകൾ വിരമിക്കുന്ന തിയതി നോക്കി വേണ്ടപ്പെട്ട ഉദ്യോഗസ്ഥരെ ഡി.ജി.പിയായി നിയമിച്ച് രണ്ടുവർഷം സർവീസ് നീട്ടി നൽകുന്ന പതിവുണ്ടെന്ന് സുപ്രീംകോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. ഡി.ജി.പിമാർക്ക് കാലാവധി നീട്ടി നൽകുമ്പോൾ പ്രത്യേക ഉചിതമായ കാലയളവിലേക്ക് മാത്രമായിരിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. ആക്ടിംഗ് ഡി.ജി.പി എന്ന സമ്പ്രദായം ഒഴിവാക്കണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു.