cbi

ന്യൂഡൽഹി: പുതിയ സി.ബി.ഐ ഡയറക്‌ടറെ കണ്ടെത്താനുള്ള പ്രധാനമന്ത്രി അദ്ധ്യക്ഷനായ മൂന്നംഗ ഉന്നതാധികാര സമിതിയുടെ യോഗം ഈമാസം 24ന് ചേരും. അതിനിടെ എം. നാഗേശ്വരറാവുവിനെ ഇടക്കാല ഡയറക്‌ടർ ആക്കിയത് ചോദ്യം ചെയ്‌ത ഹർജി സുപ്രീംകോടതി അടുത്തയാഴ്‌ച പരിഗണിക്കാൻ മാറ്റി.

സി.ബി.ഐയ്‌ക്ക് മുഴുവൻ സമയം മേധാവിയെ നിയമിക്കാൻ ഉടൻ ഉന്നതാധികാര സമിതി ചേരണമെന്ന് കോൺഗ്രസ് നേതാവും സമിതി അംഗവുമായ മല്ലികാർജ്ജുന ഖാർഗെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിരുന്നു. ഈമാസം 21ന് യോഗം ചേരാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ അസൗകര്യം അറിയിച്ച ഖാർഗെ 24, 25 തിയതികൾ നിർദ്ദേശിച്ചിരുന്നു. പ്രധാനമന്ത്രിക്കും ഖാർഗെയ്‌ക്കുംപുറമെ സുപ്രീംകോടതി ചീഫ് ജസ്‌റ്റിസ് രഞ്ജൻ ഗോഗോയ് ആണ് സമിതിയിലെ മറ്റൊരു അംഗം.

സുപ്രീംകോടതി വിധിയുടെ ബലത്തിൽ സി.ബി.ഐ മേധാവി പദവിയിൽ തിരിച്ചെത്തിയ അലോക് വർമ്മയെ മാറ്റാൻ ജനുവരി പത്തിന് ചേർന്ന ഉന്നതാധികാര യോഗം ഖാർഗെയുടെ വിയോജിപ്പോടെ മാറ്റാൻ തീരുമാനിച്ചിരുന്നു. വർമ്മയ്‌ക്കെതിരെ കേന്ദ്ര വിജിലൻസ് കമ്മിഷൻ നൽകിയ അന്വേഷണ റിപ്പോർട്ട് പരിഗണിച്ചായിരുന്നു തീരുമാനം. നാഗേശ്വര റാവുവിനെ ഇടക്കാല ഡയറക്‌ടറായും നിയമിച്ചു. അലോക് വർമ്മ നടത്തിയ സ്ഥലമാറ്റ ഉത്തരവുകൾ പിന്നീട് റാവു റദ്ദാക്കിയതും വിവാദമായി. ഇതേ തുടർന്നാണ് സ്ഥിരം മേധാവിയെ ഉടൻ നിയമിക്കണമെന്ന് ഖാർഗെ ആവശ്യപ്പെട്ടത്. നാഗേശ്വര റാവുവിന്റെ നിയമനത്തെ ചോദ്യം ചെയ്‌ത് കോമൺ കോസ് എന്ന സംഘടനയ്‌ക്കു വേണ്ടി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ആണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്.